ട്രേഡ് യൂണിയന്‍ ചരിത്രവും ബി. എം. എസ്സും
കമ്മ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ട്രഡ് യൂണിയന്‍ ചരിത്രകാരന്മാര്‍ ഭാരതത്തിലെ ട്രേഡ് യൂണിയനുകളുടെ വളര്‍ച്ചയെക്കുറിച്ചും തളര്‍ച്ചയെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും യഥാര്‍ത്ഥമായ ചരിത്രം ഇനിയും നല്കിയിട്ടില്ല. അതുകൊണ്ടാണ് ഏതാണ്ട് ഏറ്റവും ഒടുവില്‍ ഇവിടുത്തെ ട്രേഡ് യൂണിയന്‍ മേഖലയില്‍ രംഗപ്രേവേശം ചെയ്ത ഭാരതീയ മസദൂര്‍ സംഘത്തിന്‍റെ അത്ഭുതാവഹമായ വളര്‍ച്ചയെ വിശകലനം ചെയ്യാന്‍ ഇന്നും ചരിത്രകാരന്മാരുടെ സൈദ്ധാന്തിക മുന്‍ധാരണകളും പഠനസാമഗ്രികളും പര്യാപ്തമല്ലാത്തത്. ഇന്ന് ലഭ്യമായ ഒരു ആധികാരിക ട്രേഡ് യൂണിയന്‍ ചരിത്രപഠനത്തിലും ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ബി. എം. എസ്സിന്‍റെ വളര്‍ച്ചയെക്കുറിച്ചുള്ള വിശദാംശങ്ങളില്ല എന്നത് ഒരു തികഞ്ഞ വൈരുദ്ധ്യമായി അവശേഷിക്കുന്നു.
ഭാരതത്തില്‍ ട്രേഡ് യൂണിയന്‍ ചരിത്രം കാണിക്കുന്നത് മൂന്നു വ്യത്യസ്ത പ്രസ്ഥാനങ്ങള്‍ മൂന്നു കാലഘട്ടങ്ങളില്‍ ട്രേഡ് യൂണിയന്‍ രംഗം കയ്യടക്കുന്ന കാഴ്ചയാണ്. ഒന്നാം ഘട്ടമായ 1947 വരെ എ. ഐ. ടി. യു. സി യുടെ ജനനവും വളര്‍ച്ചയും, അതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിടിച്ചെടുക്കുന്നതുമാണ് നാം കാണുന്നത്. രണ്ടാം ഘട്ടത്തില്‍ തുടര്‍ന്ന് ഐ. എന്‍. ടി. യു. സി യുടെ ജനനവും അത് വളര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗം കയ്യടക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നു വരെയുള്ള മൂന്നാം ഘട്ടത്തില്‍ നാം കാണുന്നത് ഏറ്റവും ഒടുവില്‍ രംഗപ്രവേശം ചെയ്ത ബി. എം. എസ്സ് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായി വളര്‍ന്നു വന്നതാണ്. ഇവയെ കൂടാതെയുള്ള മറ്റു തൊഴിലാളി സംഘടനകളെല്ലാം കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് തൊഴിലാളി സംഘടനകളില്‍ നിന്നും രാഷ്ട്രീയ കാരണങ്ങളാല്‍ പിളര്‍ന്നുണ്ടായവയാണ്.
-
സാസ്ക്കാരികമായി വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതീയ തൊഴില്‍ ആശയങ്ങള്‍
19-ാം നൂറ്റാണ്ടുവരെ പാശ്ചാത്യലോകത്ത് നിലനിന്നിരുന്ന തൊഴിലാളി - തൊഴിലുടമ ബന്ധത്തിന്‍റെ അടിസ്ഥാനം അടിമത്ത ആശയമായിരുന്നു. 1862 ലാണ് അമേരിക്കയില്‍ അടിമത്തം നിരോധിക്കപ്പെട്ടത്. അതിന് അരനൂറ്റാണ്ട് മുമ്പാണ് ഇംഗ്ലണ്ടും മറ്റും അടിമത്തം നിരോധിച്ചത്. അതുവരെ അവിടങ്ങളിലെ സാമൂഹ്യ ജീവിതത്തിന്‍റെ ഒരു പ്രധാന പ്രത്യേകതയായിരുന്നു വ്യാപകമായി ചന്തകളില്‍ മനുഷ്യരെ കന്നുകാലികളെപ്പോലെ വിറ്റഴിച്ചിരുന്ന അടിമത്ത വ്യവസ്ഥ. ഭാരതത്തിന്‍റെ ചരിത്രത്തിലെ ഒരു ഘട്ടത്തിലും മനുഷ്യവില്‍പന നടത്തുന്ന അടിമത്തം സാമൂഹ്യജീവിതത്തിലുണ്ടായിരുന്നില്ല. മറിച്ച് ചരിത്രാതീതകാലം മുതല്‍ അടുത്തകാലം വരെ അധ്വാനത്തിനും തൊഴിലാളിക്കും മഹനീയ സ്ഥാനം നല്‍കുകയും ڇഅധ്വാനം ആരാധനയാണ്ڈ എന്ന് ജനത വിശ്വസിച്ചുപോരുകയും ചെയ്തുവന്നു. നമ്മുടെ രാജ്യത്തിന്‍റെ നീണ്ട ചരിത്രത്തില്‍ തൊഴിലധിഷ്ഠിതമായ കുടുംബ കൂട്ടങ്ങള്‍ അഥവാ കുലങ്ങള്‍ ഉണ്ടായിരുന്നു. അവയാണ് പിന്നീട് വിവിധ ജാതികളായി പരിണമിച്ചത്.
-
പാശ്ചാത്യ ലോകത്ത് ട്രേഡ് യൂണിയനുകളുടെ ജനനം
തൊഴിലാളികള്‍ സംഘടിക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ബ്രിട്ടനിലെ 1799 ലെ കോമ്പിനേഷന്‍ ആക്റ്റ് തുടങ്ങിയവ തൊഴിലാളികള്‍ സംഘടിക്കുന്നത് തടഞ്ഞു. ഒടുവില്‍ മാഞ്ചസ്റ്ററിലെ തുണിമില്‍ മുതലാളിയായ റോബര്‍ട്ട് ഓവന്‍ മുന്‍കൈയെടുത്താണ് അവിടെ തൊഴിലാളി പ്രസ്ഥാനം തുടങ്ങിയത്. എങ്കിലും പാശ്ചാത്യ ലോകത്തെ ആദ്യ തൊഴിലാളി സംഘടന 1827 ല്‍ രൂപീകരിച്ച ഫിലാഡെല്‍ഫിയയിലെ മെക്കാനിക്സ് യൂണിയനാണ്.
-
സാമൂഹ്യപരിഷ്കര്‍ത്താക്കളും തൊഴിലാളി സംഘടനകളും
എന്നാല്‍ ഭാരതത്തിലാകട്ടെ ആധുനികകാലത്ത് തൊഴിലാളി സംഘടനാപ്രവര്‍ത്തനം ആദ്യം തുടങ്ങിയത് സമുദായ പരിഷ്കര്‍ത്താക്കളും സാമൂഹ്യസാംസ്ക്കാരിക പ്രവര്‍ത്തകരുമായിരുന്നു. എസ്. എസ് ബംഗാളി പത്രങ്ങളിലൂടെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് അവബോധമുയര്‍ത്തിയിരുന്നു. 1870 ല്‍ ബ്രഹ്മസമാജത്തിന്‍റെ നേതാവായ ശശിപാദ ബാനര്‍ജി കല്‍ക്കത്തയില്‍ ڇവര്‍ക്കിങ്ങ് മെന്‍സ് ക്ലബ്ڈ എന്ന തൊഴിലാളി സംഘടന രൂപീകരിച്ചു. ആദ്യത്തെ തൊവിലാളി മാസികയായ ڇഭാരത് ശ്രമജീബിڈയും അവര്‍ പ്രസിദ്ധീകരിച്ചു.
മഹാരാഷ്ട്രയിലെ സാമൂഹ്യപരിഷ്ക്കര്‍ത്താവും അധഃകൃതരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന മഹാത്മാഫുലെയുടെ ശിഷ്യനായിരുന്ന നാരായണന്‍ മേഖാജി ലോഖണ്ഡേയാണ് ഭാരത്തിലെ ആധുനിക തൊഴിലാളി പ്രസ്ഥാനത്തിന്‍റെ പിതാവായി പല ട്രേഡ് യൂണിയന്‍ ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത്. ലോഖണ്ഡെ ബോംബെ മില്‍ ഹാന്‍ഡ്സ് അസോസിയേഷന്‍ ആരംഭിച്ചതോടെയാണ് ഭാരതത്തില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 1884 കാലഘട്ടത്തില്‍ അദ്ദേഹം ബോംബെയില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവകാശങ്ങള്‍ക്കുവേണ്ടി പല ശ്രമങ്ങളും നടത്തി. 1877 ല്‍ നാഗപ്പൂരിലെ എംപ്രസ് മില്ലില്‍ നടന്ന പണിമുടക്കാണ് ഭാരതത്തില്‍ ആദ്യം നടന്നത്.1905 ലെ ബംഗാള്‍ വിഭജനത്തിനെതിരെയും, ലോക്മാന്യ ബാലഗംഗാധരതിലകനെ നാടുകടത്തിയതിനെതിരെയും തൊഴിലാളികള്‍ സമരം ചെയ്തു.മെയ് ദിനാചരണവുമായി ബന്ധപ്പെടുത്തി 8 മണിക്കൂര്‍ ജോലി സമയത്തിനു വേണ്ടി ചിക്കാഗോയിലെ തൊഴിലാളികളാണ് ആദ്യമായി വന്‍ പ്രക്ഷോഭം നടത്തിയതെന്നതാണല്ലോ കമ്മ്യൂണിസ്റ്റുകാര്‍ ഒരു ചരിത്രസംഭവമായി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചിക്കാഗോയില്‍ നടന്ന മെയ്മാസ പ്രക്ഷോഭത്തിന് 24 വര്‍ഷങ്ങള്‍ക്കു മുമ്പ് 1862 ഏപ്രില്‍-മെയ് കാലത്ത് ഹൗറയിലെ 1200 ഓളം വരുന്ന റെയില്‍വെ തൊഴിലാളികള്‍ ഇതേ ആവശ്യത്തിനു വേണ്ടി പണി മുടക്കിയ വസ്തുത ലോക തൊഴിലാളി ചരിത്രം അംഗീകരിച്ചുവരികയാണ്. -
ഗാന്ധിജിയുടെ പങ്ക്
ആഫ്രിക്കയില്‍ മഹാത്മാഗാന്ധി ഭാരതീയ തൊഴിലാളികള്‍ക്കു വേണ്ടി സമരം നടത്തുകയും ഭാരതത്തില്‍ ചമ്പാരണ്‍ ഗ്രാമത്തിലെ നീലം കര്‍ഷകരെ ജന്മിമാര്‍ ചൂഷണം ചെയ്യുന്നതില്‍ നിന്നു മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായി തൊഴിലാളി പണിമുടക്കിലൂടെ ഭാരതത്തില്‍ സമരം പൂര്‍ണമായും വിജയിക്കുകയും ഗാന്ധിജി ആദ്യമായി ഉപവാസ സമരം നടത്തുകയും ചെയ്തത് അഹമ്മദാബാദിലാണ്. ഇതിനുപകരമായി അവിടത്തെ തൊഴിലാളികളെ ദേശീയ സമരത്തിന്‍റെ ഭാഗമായിട്ടാണെങ്കിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ഗാന്ധിജി ആനയിക്കുകയും ചെയ്തു. ഗാന്ധിജി, ശങ്കര്‍ലാല്‍ ബാങ്കര്‍, അനയൂയാബെന്‍ സാരാബായ് എന്നിവര്‍ ചേര്‍ന്നാണ് അഹമ്മദാബാദ് ടെക്സ്റ്റയില്‍ ലേബര്‍ അസോസിയേഷന്‍ രൂപീകരിച്ചത്.
-
ബക്കിങ്ഹാം കര്‍ണാടിക് മില്‍ സമരം
1918 ല്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആനിബസന്‍റും, ബി. പി വാഡിയയും ചേര്‍ന്ന് മദ്രാസ് ലേബര്‍ യൂണിയന്‍ രൂപീകരിച്ചു. 1920 ല്‍ മദ്രാസിലെ ബക്കിങ്ഹാം കര്‍ണാടിക് മില്ലില്‍ സമരം നടത്തിയ ട്രേഡ് യൂണിയന്‍ നേതാവ് ബി. പി വാഡിയയ്ക്കും 9 കൂട്ടാളികള്‍ക്കും എതിരെ മില്ല് ഉടമകളായ ബിന്നി കമ്പനി സിവില്‍ കോടതിയില്‍ കേസുകൊടുത്തു. തൊഴിലാളികളെ പണിമുടക്കിനു പ്രേരിപ്പിക്കുകയും തന്മൂലം കമ്പനിക്ക് നഷ്ടത്തിനിടവരുത്തുകയും ചെയ്തുവെന്നായിരുന്നു ബി. പി വാഡിയയ്ക്കും മറ്റുമെതിരായ ആരോപണം. കേസില്‍ അന്നത്തെ കാലത്ത് വലിയ സംഖ്യയായ 75,000 രൂപ ബിന്നി കമ്പനിക്ക് നഷ്ടപരിഹാരമായി നല്‍കുവാന്‍ കോടതി ബി. പി വാഡിയയോടും കൂട്ടരോടും കല്‍പിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നിര്‍ത്താമെന്ന നിബന്ധനയില്‍ തര്‍ക്കം ഒത്തുതീര്‍ന്നു. എന്‍. എം ജോഷിയും മറ്റും ഇതിനെതിരെ ശക്തമായ മുന്നേറ്റത്തിനു നേതൃത്വം നല്‍കി. രാജ്യത്തിനകത്തു മാത്രമല്ല അന്താരാഷ്ട്ര തലത്തിലും കോളിളക്കം സൃഷ്ടിച്ച ഈ കേസിനെ തുടര്‍ന്നാണ് ട്രേഡ് യൂണിയനുകള്‍ക്ക് സംരക്ഷണം നല്‍കിക്കൊണ്ടുള്ള ട്രേഡ് യൂണിയന്‍ നിയമം 1926 ല്‍ പാസായത്.
-
ഗാന്ധിജിയെ ധിക്കരിച്ചുകൊണ്ട് എ. ഐ. ടി. യു. സി ഉണ്ടാകുന്നു.
തന്‍റെ സാന്നിദ്ധ്യം തൊഴിലാളിരംഗത്ത് ഗാന്ധിജി ഫലപ്രദമായി ഇങ്ങനെ കാണിച്ചുവെങ്കിലും കോണ്‍ഗ്രസ് ആദ്യമായി ഗാന്ധിജിയെ ധിക്കരിച്ചത് എ. ഐ. ടി. യു. സി യുടെ രൂപീകരണത്തിലൂടെയാണെന്ന് കോണ്‍ഗ്രസിന്‍റെ ചരിത്രകാരന്മാര്‍ തന്നെ പറയുന്നു. ഐ. എല്‍. ഒ യില്‍ ഭാരതത്തിന്‍റെ പ്രതിനിധിയെ അയയ്ക്കാന്‍ 1919 ലെ എ. ഐ. സി. സി സമ്മേളനം കോണ്‍ഗ്രസിന്‍റെ ട്രേഡ് യൂണിയന്‍ ഉണ്ടാക്കാന്‍ സബ് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ദേശീയാടിസ്ഥാനത്തില്‍ ഒരു തൊഴില്‍ സംഘടന ഉണ്ടാക്കാനുള്ള സമയമായിട്ടില്ലെന്ന് പറഞ്ഞ് മഹാത്മാഗാന്ധി ഈ നീക്കത്തെ എതിര്‍ത്തു. ഗാന്ധിജിയോട് വിധേയത്വം പുലര്‍ത്തിയിരുന്ന അഹമ്മദാബാദിലെ തൊഴിലാളി യൂണിയന്‍ ഈ നീക്കങ്ങളില്‍ നിന്നും മാറി നിന്നു. എന്നിട്ടും എ. ഐ. സി സി പുതിയ തൊഴിലാളി സംഘടനയായ എ. ഐ. ടി. യു. സി ക്ക് ജന്മം നല്‍കി. കോണ്‍ഗ്രസുകാര്‍ക്ക് താല്‍പര്യം മിക്കവാറും ദേശീയ രാഷ്ട്രീയത്തില്‍ ആയിരുന്നതിനാല്‍ ക്രമേണ എ. ഐ. ടി. യു. സി യുടെ നേതൃത്വം കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റുകാര്‍ പിടിച്ചെടുത്തു. ബ്രിട്ടനില്‍ നിന്നും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് സംഘാടകര്‍ ഭാരതത്തില്‍ വന്നു പ്രവര്‍ത്തിച്ചു.
-
കമ്മ്യൂണിസ്റ്റുകാരുടെ തൊഴിലാളി വഞ്ചന
ഗാന്ധിജിയുടെ സമീപനം തൊഴിലാളി താല്‍പര്യം മറ്റു രാഷ്ട്രീയ താല്‍പര്യങ്ങളുമായി കൂട്ടികുഴയ്ക്കാതെ സംരക്ഷിക്കണമെന്നായിരുന്നു. കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനം രാഷ്ട്രീയ അധികാരത്തിനുള്ള ഒരു മാര്‍ഗമായി കണക്കാക്കി. കമ്മ്യൂണിസ്റ്റുകാര്‍ എ. ഐ. ടി. യു. സി യുടെ ചരിത്രത്തിലുടനീളം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവും സമരങ്ങളും രാഷ്ട്രീയാവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചുവന്നു. അതേസമയം തൊഴിലാളികള്‍ക്ക് ആവശ്യം വരുന്ന സമയത്ത് രാഷ്ട്രീയ കാരണങ്ങള്‍ മാത്രം മുന്‍നിര്‍ത്തി സമരം ചെയ്യാതിരിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റാലിന്‍ ലക്ഷക്കണക്കിന് കര്‍ഷകരെ കൊന്നൊടുക്കിയത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ ന്യായീകരിച്ചിരുന്നതായി മധുലിമായെ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ കമ്മ്യൂണിസ്റ്റു യൂണിയനുകളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെ കെ. കേളപ്പനെ പോലുള്ളവര്‍ പരസ്യമായി എതിര്‍ത്തിരുന്നു. നേരെ മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ പ്രധാന ആരോപണം കോണ്‍ഗ്രസുകാര്‍ തൊഴിലാളികളെയും, കര്‍ഷകരെയും കുറിച്ച് ചിന്തിക്കുന്നില്ല എന്നായിരുന്നു.
-
കമ്മ്യൂണിസ്റ്റ് യൂണിയനുകളും ക്വിറ്റ് ഇന്ത്യാ സമരവും
ഭാരതത്തിലുടനീളം വ്യാപരിച്ചിരുന്ന ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് സമരത്തെ തുരങ്കം വയ്ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ഏറ്റവും ശക്തമായ ആയുധമായി ഉപയോഗിച്ചത് ട്രേഡ് യൂണിയനെയാണ്. കമ്മയൂണിസ്റ്റ് ലോക ആചാര്യനായിരുന്ന സ്റ്റാലിന് ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരനായിരുന്ന ഹിറ്റിലറും സഖ്യമുണ്ടാക്കി ഒന്നിച്ച് നിന്ന് യുദ്ധം ചെയ്യുന്ന സമയത്ത് രണ്ടാം ലോകമഹായുദ്ധം സ്റ്റാലിന്‍റെ ഭാഷയില്‍ ڇസാമ്രാജ്യത്വയുദ്ധڈമായിരുന്നു. ആ സമയത്ത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരും ഈ മുദ്രാവാക്യം ഏറ്റുപിടിച്ച് ബ്രിട്ടീഷുകാരെ എതിര്‍ത്തു. എന്നാല്‍ പിന്നീട് ഹിറ്റ്ലര്‍ സ്റ്റാലിനെതിരെ തിരിഞ്ഞപ്പോള്‍ യുദ്ധത്തിന് ڇജനകീയയുദ്ധڈമെന്ന പേര് നല്‍കുകയും ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ സഹായിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാര്‍ യൂണിയനുകളെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിനെതിരെ ഉപയോഗിച്ചു. അതിനു വേണ്ടി അവര്‍ നിര്‍ദോഷികളായ വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികളെ വഞ്ചിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനെ പിന്തുണപ്പിക്കുകയും ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു. 1942-44 കാലത്ത് രൂക്ഷമായ വിലക്കയറ്റമുണ്ടായപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ യുദ്ധസന്നാഹങ്ങളെ സഹായിക്കാന്‍ ڇഉല്‍പാദനം വര്‍ദ്ധിപ്പിക്കുകڈ എന്ന് ആഹ്വാനം ചെയ്തുകൊണ്ട് തൊഴിലാളികളോട് സമരം ചെയ്യരുതെന്ന് പറഞ്ഞു നടക്കുകയായിരുന്നു കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാക്കള്‍. കേരളത്തില്‍ വ്യവസായ ഉടമകളുമായും എസ്റ്റേറ്റ് ഉടമകളുമായും യൂണിയനുകളെ കൈകോര്‍ത്തു പിടിച്ചുകൊണ്ട് വര്‍ഗ സഹകരണം പ്രകടിപ്പിച്ചു. തൊഴിലാളി താല്‍പര്യം വഞ്ചിച്ചുകൊണ്ടുള്ള ഈ നിലപാട് മൂലം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വന്‍ വില കൊടുക്കേണ്ടി വന്നു.
-
ഐ. എന്‍. ടി. യു. സി യുടെ ജനനം
കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ഇത്തരം കാര്യങ്ങളില്‍ പ്രതിഷേദിച്ചുകൊമ്ട് പലയിടത്തും ദേശീയ യൂണിയനുകള്‍ രൂപം കൊണ്ടു. കമ്മ്യൂണിസ്റ്റ് യൂണിയനുകളില്‍ നിന്നും വ്യാപകമായ രാജിയുണ്ടായി. ഇതാണ് കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസ്സിന്‍റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഐ. എന്‍. ടി. യു. സി യുടെ രൂപീകരണത്തില്‍ എത്തിച്ചത്. മോസ്കോ ഇന്‍റര്‍നാഷണലുമായി സഹകരിക്കുന്ന കാര്യത്തില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസവും എ. ഐ. ടി. യു. സി യെ പിളര്‍പ്പിന്‍റെ വക്കിലെത്തിച്ചു. ഗാന്ധിയന്‍ പഠനത്തിന് 1938 ല്‍ ആരംഭിച്ച വേദിയായിരുന്നു ഹിന്ദുസ്ഥാന്‍ മസ്ദൂര്‍സേവാ കേന്ദ്രം. അതിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മേലില്‍ കോണ്‍ഗ്രസ് അനുഭാവികളായി യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കണമെന്ന് 1945 ല്‍ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി ഒരു പ്രമേയം വഴി തീരുമാനിച്ചു. ഒടുവില്‍ 1947 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുചേര്‍ന്ന് ഐ. എന്‍. ടി. യു. സി രൂപീകരിച്ചു. 200 ഓളം യൂണിയനുകളുടെ പിന്‍ബലമാണ് ഈ സംഘടനയ്ക്ക് തുടക്കം മുതല്‍ ഉണ്ടായിരുന്നത്. ഭരിക്കുന്ന കോണ്‍ഗ്രസിനെ സഹായിക്കുകയാണ് ഇവരുടെ പ്രധാന പ്രവര്‍ത്തനം. വൈസ്രോയിയുടെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഡോ. അംബേദ്കര്‍ അവതരിപ്പിച്ച് പിന്നീട് പാസായ സുപ്രധാന നിയമങ്ങളാണ് 1946 ലെ വ്യവസായ തൊഴിലാളികളുടെ സ്റ്റാന്‍റിംഗ് ഓര്‍ഡര്‍ നിയമം, 1947 ലെ വ്യവസായ തര്‍ക്ക നിയമം, 1948 ലെ ഇ. എസ്. ഐ നിയമം എന്നിവ.
-
എച്ച്. എം. എസ്സും, യു. ടി. യു. സി യും, സി. ഐ. ടി. യു വും
1941 ല്‍ ലാഹോറില്‍ വച്ച് എം. എന്‍ റോയി, എ. ഐ. ടി. യു. സി യില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് ഐ. എഫ്. എല്‍ (ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍) എന്ന ട്രേഡ് യൂണിയന്‍ സംഘടന ഉണ്ടാക്കിയിരുന്നു. എന്നാല്‍ അതില്‍ ഭൂരിപക്ഷം പാക്കിസ്ഥാന്‍ വാദികളായ മുസ്ലീംങ്ങളായിരുന്നു. അതിനാല്‍ 1947 ല്‍ മിക്കവരും ഭാരതം വിട്ടുപോയി. 1948 ല്‍ കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റുകള്‍ ഉണ്ടാക്കിയ ഹിന്ദ് മസ്ദൂര്‍ പഞ്ചായത്ത് എന്ന തൊഴിലാളി സംഘടനയും ഐ. എഫ്. എല്ലും ലയിച്ച് എച്ച്. എം. എസ് ഉണ്ടാക്കി. എച്ച്. എം. എസ്സില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്‍റെ പേരില്‍ ചേരാതിരുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ 1949 ല്‍ യു. ടി. യു. സി എന്ന സംഘടനയ്ക്ക് രൂപം നല്‍കി. 1960 ല്‍ സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം കുറ്റപ്പെടുത്തി അകന്നു. ഭാരത-ചൈനാ യുദ്ധ കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ചൈനയോട് വിധേയത്വം പുലര്‍ത്തുകയും രാജ്യദ്രോഹികളായി പരസ്യമായി രംഗത്ത് വരികയും ചെയ്തു. ആ സമയത്ത് ജയിലിലായ പല കമ്മ്യൂണിസ്റ്റ് യൂണിയന്‍ നേതാക്കളും ഭാരതസൈന്യത്തിന് രക്തം നല്‍കാന്‍ തയ്യാറായില്ല എന്നതിനെപ്പറ്റി അവര്‍ തന്നെ വിവാദം ഉയര്‍ത്തിയിട്ടുണ്ട്. ഭാരതത്തിലെ ചൈനയോട് വിധേയത്വമുള്ള കമ്മ്യൂണിസ്റ്റുകാര്‍ 1964 ല്‍ സി. പി. ഐ (എം) രൂപീകരിച്ചു. ഈ പിളര്‍പ്പ് എ. ഐ. ടി. യു. സി യില്‍ പ്രതിഫലിക്കുകയും സി. പി. എം രാഷ്ട്രീയ നേതൃത്വത്തില്‍ 1970 ല്‍ സി. ഐ. ടി. യു രൂപീകരിക്കുകയും ചെയ്തു. എ. ഐ. ടി. യു. സി മുതലാളിവര്‍ഗത്തിന് കീഴടങ്ങി എന്നാണ് അവര്‍ പ്രഖ്യാപിച്ചത്. അങ്ങനെ ആധുനിക തൊഴിലാളി സംഘടനാ ചരിത്രത്തിലെ ആദ്യത്തേതും രണ്ടാമത്തേതും ഘട്ടങ്ങളില്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വ്യത്യസ്ത സംഘടനകള്‍ പല സമയത്ത് പിളരുകയും യോജിക്കുകയും ചെയ്തുകൊണ്ടാണ് ബി. എം. എസ് ഒഴികെയുള്ള മിക്കവാറും ട്രേഡ് യൂണിയന്‍ സംഘടനകളും ഉണ്ടായിട്ടുള്ളത്.
-
തൊഴിലാളി സംഘടനയെക്കുറിച്ചു പഠിക്കാന്‍ ഗുരുജി ഠേംഗിഡിജിയെ നിയോഗിക്കുന്നു
തൊഴിലാളിരംഗത്ത് ഭാരതീയമായ ചിന്താധാരയെ അടിസ്ഥാനമാക്കി സംഘടന കെട്ടിപ്പടുക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ രണ്ടാം സര്‍സംഘചാലകായിരുന്ന സ്വര്‍ഗീയ ശ്രീ ഗുരുജി ഗോള്‍വാള്‍ക്കര്‍ ചുമതലയേല്‍പ്പിച്ചത് സംഘപ്രചാരകനായിരുന്ന ഠേംഗിഡിജിയെയായിരുന്നു. 1942 മുതല്‍ 1945 വരെ ഠേംഗിഡിജി കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ അടിത്തറ രൂപപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബംഗാളില്‍ പ്രാന്ത പ്രചാരകനായി പ്രവര്‍ത്തിച്ചുവന്നു. 1949 ലാണ് തൊഴില്‍ മേഖലയെക്കുറിച്ചു പഠിക്കാന്‍ ഠേംഗിഡിജിയെ ഗുരുജി ചുമതലയേല്‍പിച്ചത്. ഗുരുജിയുടെ നിര്‍ദ്ദേശാനുസരണം ഠേംഗിഡിജി അന്നത്തെ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളില്‍ പ്രവര്‍ത്തിക്കുകയും ക്രമേണ അവയുടെ ഉയര്‍ന്ന ചുമതലകള്‍ വഹിക്കുകയും ചെയ്തു. ആദ്യം ഠേംഗിഡിജി ഐ. എന്‍. ടി. യു. സി യില്‍ ചേര്‍ന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം ഐ. എന്‍. ടി. യു. സി യുടെ കീഴിലുള്ള പത്തോളം യൂണിയനുകളുടെ ഭാരവാഹിയായി. 1950 ഒക്ടോബറില്‍ അദ്ദേഹം ഐ. എന്‍. ടി. യു. സി യുടെ ദേശീയ സമിതി അംഗമായി. കൂടാതെ പഴയ മധ്യപ്രദേശിലെ ഐ. എന്‍. ടി. യു. സി യുടെ സംസ്ഥാന സെക്രട്ടറിയുമായി. മാത്രമല്ല 1952 മുതല്‍ 1955 വരെയുള്ള കാലഘട്ടത്തില്‍ ഠേംഗിഡിജി എ. ഐ. ബി. ഇ. എ എന്ന കമ്മ്യൂണിസ്റ്റ് ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവന്നു. 1945-55 കാലത്ത് ആര്‍. എം. എസ് എംപ്ലോയീസ് യൂണിയന്‍ (പോസ്റ്റല്‍) പഴയ മധ്യപ്രദേശ്, വിദര്‍ഭ, രാജസ്ഥാന്‍ എന്നീ പ്രദേശങ്ങളടങ്ങിയ സെന്‍ട്രല്‍ സര്‍ക്കിളിന്‍റെ പ്രസിഡന്‍റായിരുന്നു. ഐ. എന്‍. ടി. യു. സി യുമായി ബന്ധപ്പെട്ട എല്‍. ഐ. സി റെയില്‍വെ. ടെക്സ്റ്റയില്‍, കല്‍ക്കരി തുടങ്ങിയ യൂണിയനുകളിലും ഠേംഗിഡിജി അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചും, സമരങ്ങളെക്കുറിച്ചും നേരിട്ടുള്ള അറിവ് ഠേംഗിഡിജിക്കുണ്ടായി. കമമ്യൂണിസത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനപദ്ധതി നേരിട്ടറിയുവാനും ആ അനുഭവത്തില്‍ ഠേംഗിഡിജിക്ക് അവസരമൊരുക്കി. ശ്രീ ഗുരുജിയുടെ വാക്കുകളില്‍ സിംഗിള്‍ ഹാന്‍ഡഡ് (ഒറ്റയ്ക്കുതന്നെ) ആയി ഠേംഗിഡിജി തന്നെ ഏല്‍പിച്ച ദൗത്യം നിര്‍വ്വഹിച്ചു. അതിനു ശേഷം അദ്ദേഹത്തോട് പുതിയൊരു ദേശീയ തൊഴിലാളി സംഘടന രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു. അത്തരമൊരു ട്രേഡ് യൂണിയന് ആര്‍. എസ്. എസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാം. പക്ഷെ ആര്‍. എസ്. എസിന്‍റെ ആജ്ഞകളല്ല പ്രതീക്ഷിക്കേണ്ടത്.
-
ചരിത്രം കുറിച്ചുകൊണ്ട് ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ സ്ഥാപനം
1955 ജൂലായ് 23 നു ഭോപ്പാലില്‍ ഠേംഗിഡിജി അഖിലഭാരതീയ മീറ്റിങ്ങ് വിളിച്ചുകൂട്ടിയപ്പോള്‍ 35 പ്രവര്‍ത്തകരാണ് പല സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ബി. എം. എസ് സ്ഥാപിക്കപ്പെട്ടത്. അന്ന് ഒന്നിച്ചു ചേര്‍ന്നവര്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായിരുന്നില്ല. സാമൂഹ്യപ്രവര്‍ത്തനത്തിലുള്ള താല്‍പര്യം കൊണ്ടുമാത്രം എത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകരായിരുന്നു അവര്‍. അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്ന ശ്രീ അടല്‍ബിഹാരി വാജ്പയി രാഷ്ട്രീയാതീത തൊഴില്‍ സംഘടനയെന്ന ആശയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പുതിയ സംഘടനയ്ക്ക് ആശംസകള്‍ നേരുകയുണ്ടായി. മറ്റെല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളില്‍ നിന്നും വ്യത്യസ്തമായി ഒരൊറ്റ അംഗവും ഒരൊറ്റ യൂണിയനും സ്വന്തമായി ഇല്ലാതെയാണ് ബി. എം. എസ് തുടങ്ങിയത്. മറ്റെല്ലാ യൂണിയനുകളും ആദ്യം ദേശീയസമിതിയുണ്ടാക്കി, പിന്നീട് സംസ്ഥാന സമിതിയുണ്ടാക്കി, തുടര്‍ന്ന് താഴേക്കുള്ള സമിതികളുണ്ടാക്കിയാമ് സംഘടനാ ചട്ടക്കൂടുണ്ടാക്കിയത്. എന്നാല്‍ ബി. എം. എസിന്‍റെ പ്രവര്‍ത്തനത്തില്‍ ആദ്യം യൂണിയനുകള്‍ ഉണ്ടാക്കുകയും. പിന്നീട് ജില്ലാസമിതികള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് സംസ്ഥാനസമിതികള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് താഴേത്തലത്തില്‍ നിന്നാണ് സംഘടനാരൂപം നിര്‍മ്മിച്ചെടുത്തത്. ആദ്യകാലത്ത് പ്രവര്‍ത്തനത്തില്‍ നിന്നും കിട്ടിയ ഫലം കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു. സര്‍ക്കാരും, തൊഴില്‍ ഉടമകളും, മറ്റു യൂണിയനുകളും വിരോധത്തോടെ പെരുമാറി വന്നു. പണമില്ലാതെ, ഓഫീസില്ലാതെ, ജനപിന്തുണയില്ലാതെ, നിയമപരിജ്ഞാനമില്ലാതെ, പട്ടിണികിടന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആത്മവിശ്വാസം തകരാതെ തുടരേണ്ടിവന്നു. ആദ്യകാലത്ത് ആരാധനാലയങ്ങളിലും, പൊതുപാര്‍ക്കുകളിലുമാണ് പ്രവര്‍ത്തക മീറ്റിങ്ങുകള്‍ നടത്തിയത്. ബി. എം. എസിന്‍റെ വളര്‍ച്ചയുടെ ആദ്യ ദശകത്തില്‍ ഏഴു മേഖലകളില്‍ അഖിലേന്ത്യാ ഫെഡറേഷനുകള്‍ (മഹാസംഘ്) രൂപീകരിച്ചു. ടെക്സ്റ്റയില്‍, കല്‍ക്കരി, എഞ്ചിനീയറിങ്ങ്, പ്രതിരക്ഷ, റെയില്‍വെ, പഞ്ചസാര മില്‍, വൈദ്യുതി എന്നീ മേഖലകളിലാണിത്. ബാങ്കിങ്ങ് മേഖലയില്‍ 1964 ല്‍ തന്നെ എന്‍. ഒ. ബി. ഡബ്ല്യു തുടങ്ങിയെങ്കിലും 1967 വരെ ബി. എം. എസുമായി ബന്ധപ്പെട്ടിരുന്നില്ല. 1967 ല്‍ അഖില ഭാരതീയ ഫെഡറേഷനുകളും 541 യൂണിയനുകളും 2,45,902 അംഗങ്ങളും ബി. എം. എസ്സിനുണ്ടായിരുന്നു.