ബി എം എസ്സ് ചരിത്രം

ചരിത്രം കുറിച്ചുകൊണ്ട് ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ സ്ഥാപനം

1955 ജൂലായ് 23 നു ഭോപ്പാലില്‍ ഠേംഗിഡിജി അഖിലഭാരതീയ മീറ്റിങ്ങ് വിളിച്ചുകൂട്ടിയപ്പോള്‍ 35 പ്രവര്‍ത്തകരാണ് പല സംസ്ഥാനങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നത്. അങ്ങനെയാണ് ബി. എം. എസ് സ്ഥാപിക്കപ്പെട്ടത്. അന്ന് ഒന്നിച്ചു ചേര്‍ന്നവര്‍ ട്രേഡ് യൂണിയന്‍ നേതാക്കന്മാരായിരുന്നില്ല. സാമൂഹ്യപ്രവര്‍ത്തനത്തിലുള്ള താല്‍പര്യം കൊണ്ടുമാത്രം എത്തിയ ആര്‍. എസ്. എസ് പ്രവര്‍ത്തകരായിരുന്നു അവര്‍. അന്ന് ഭോപ്പാലില്‍ ഉണ്ടായിരുന്ന ശ്രീ അടല്‍ബിഹാരി വാജ്പയി രാഷ്ട്രീയാതീത തൊഴില്‍ സംഘടനയെന്ന ആശയത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പുതിയ സംഘടനയ്ക്ക് ആശംസകള്‍ നേരുകയുണ്ടായി. മറ്റെല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളില്‍ നിന്നും വ്യത്യസ്തമായി ഒരൊറ്റ അംഗവും ഒരൊറ്റ യൂണിയനും സ്വന്തമായി ഇല്ലാതെയാണ് ബി. എം. എസ് തുടങ്ങിയത്. മറ്റെല്ലാ യൂണിയനുകളും ആദ്യം ദേശീയസമിതിയുണ്ടാക്കി, പിന്നീട് സംസ്ഥാന സമിതിയുണ്ടാക്കി, തുടര്‍ന്ന് താഴേക്കുള്ള സമിതികളുണ്ടാക്കിയാമ് സംഘടനാ ചട്ടക്കൂടുണ്ടാക്കിയത്. എന്നാല്‍ ബി. എം. എസിന്‍റെ പ്രവര്‍ത്തനത്തില്‍ ആദ്യം യൂണിയനുകള്‍ ഉണ്ടാക്കുകയും. പിന്നീട് ജില്ലാസമിതികള്‍ ഉണ്ടാക്കുകയും തുടര്‍ന്ന് സംസ്ഥാനസമിതികള്‍ ഉണ്ടാക്കുകയും ചെയ്തുകൊണ്ട് താഴേത്തലത്തില്‍ നിന്നാണ് സംഘടനാരൂപം നിര്‍മ്മിച്ചെടുത്തത്.

ആദ്യകാലത്ത് പ്രവര്‍ത്തനത്തില്‍ നിന്നും കിട്ടിയ ഫലം കഷ്ടപ്പാടുകള്‍ മാത്രമായിരുന്നു. സര്‍ക്കാരും, തൊഴില്‍ ഉടമകളും, മറ്റു യൂണിയനുകളും വിരോധത്തോടെ പെരുമാറി വന്നു. പണമില്ലാതെ, ഓഫീസില്ലാതെ, ജനപിന്തുണയില്ലാതെ, നിയമപരിജ്ഞാനമില്ലാതെ, പട്ടിണികിടന്ന് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ആത്മവിശ്വാസം തകരാതെ തുടരേണ്ടിവന്നു. ആദ്യകാലത്ത് ആരാധനാലയങ്ങളിലും, പൊതുപാര്‍ക്കുകളിലുമാണ് പ്രവര്‍ത്തക മീറ്റിങ്ങുകള്‍ നടത്തിയത്. ബി. എം. എസിന്‍റെ വളര്‍ച്ചയുടെ ആദ്യ ദശകത്തില്‍ ഏഴു മേഖലകളില്‍ അഖിലേന്ത്യാ ഫെഡറേഷനുകള്‍ (മഹാസംഘ്) രൂപീകരിച്ചു. ടെക്സ്റ്റയില്‍, കല്‍ക്കരി, എഞ്ചിനീയറിങ്ങ്, പ്രതിരക്ഷ, റെയില്‍വെ, പഞ്ചസാര മില്‍, വൈദ്യുതി എന്നീ മേഖലകളിലാണിത്. ബാങ്കിങ്ങ് മേഖലയില്‍ 1964 ല്‍ തന്നെ എന്‍. ഒ. ബി. ഡബ്ല്യു തുടങ്ങിയെങ്കിലും 1967 വരെ ബി. എം. എസുമായി ബന്ധപ്പെട്ടിരുന്നില്ല. 1967 ല്‍ അഖില ഭാരതീയ ഫെഡറേഷനുകളും 541 യൂണിയനുകളും 2,45,902 അംഗങ്ങളും ബി. എം. എസ്സിനുണ്ടായിരുന്നു.

  1. ബി. എം. എസ് മറ്റു യൂണിയനുകളില്‍ നിന്ന് വ്യത്യസ്തം

    ആരംഭിക്കുമ്പോള്‍ അംഗത്വമോ യൂണിയനുകളോ ഉണ്ടായിരുന്നില്ലാത്ത ബി. എം. എസ് പല കാര്യങ്ങളിലും സ്വന്തമായ ആശയപരമായ പ്രത്യേകത പുലര്‍ത്തി വന്നു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ പിന്നീടുള്ള അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് കാരണം അതിന്‍റെ പ്രത്യേകതകളാണ്. ഇതിന്‍റെ രൂപീകരണ പശ്ചാത്തലം പരിശോധിച്ചാല്‍ ഈ ചരിത്ര വിജയത്തിനുള്ള രണ്ട് കാരണങ്ങള്‍, ഒന്ന്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ പ്രേരണ, രണ്ട്: മൗലിക ആദര്‍ശത്തില്‍ കടുകിടെ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറില്ലാത്ത മാനനീയ ദത്തോ പന്ത് ഠേംഗിഡിജിയുടെ മാര്‍ഗനിര്‍ദ്ദേശം എന്നിവയാണ്. ബി. എം. എസിന്‍റെ തുടക്കം മുതലേ ഠേംഗിഡിജി അതിന്‍റെ പ്രത്യയശാസ്ത്രപരമായ അടിത്തറ വളര്‍ത്തിയെടുത്തു. രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ രാഷ്ട്രീയ അധികാര താല്‍പര്യങ്ങള്‍ക്കു വേണ്ടി ഭാരതത്തിലെ തൊഴിലാളികളെ ഉപയോഗിച്ചു വന്ന സാഹചര്യത്തിലാണ് ڇദേശീയബോധമുള്ള തൊഴിലാളിڈ, ڇരാഷ്ട്രീയാതീത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനംڈ തുടങ്ങിയ പുതിയ ആശയാടിത്തറയോടെ ഭാരതീയ മസ്ദൂര്‍ സംഘം ആരംഭിച്ചത്. തൊഴിലാളികളുടെ മനസുകളില്‍ ദേശീയബോധം സൃഷ്ടിച്ചുകൊണ്ട് യഥാര്‍ത്ഥ തൊഴിലാളി പ്രവര്‍ത്തനത്തില്‍ ബി. എം. എസ് വിശ്വസിച്ചു. കമ്മ്യൂണിസ്റ്റുകാരാകട്ടെ വര്‍ഗസംഘര്‍ഷ സിദ്ധാന്തത്തില്‍ വിശ്വസിച്ചു. കമ്മ്യൂണിസ്റ്റുകാരുടെ സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന് എന്നതിനു പകരം തൊഴിലാളികളെ സര്‍വ്വലോകത്തേയും സംഘടിപ്പിക്കുവിന്‍ എന്ന ആശയം മുമ്പോട്ടു വച്ചു. കൂടാതെ ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളീകരിച്ച വ്യവസായം, വ്യവസായവല്‍ക്കരിച്ച രാഷ്ട്രം എന്ന സങ്കല്‍പം ബി. എം. എസ് എന്തിനുവേണ്ടി ശ്രമിക്കുന്നു എന്നു കാമിക്കുന്നു. ദേശീയ തൊഴിലാളി ദിനമായി വിശ്വകര്‍മ്മ ജയന്തി ദിനം ആഘോഷിക്കുവാനാണ് ബി. എം. എസ് തീരുമാനിച്ചത്. രാഷ്ട്രീയാതീത സ്വഭാവം തുടക്കം മുതല്‍ വെള്ളം ചേര്‍ക്കാതെ ബി. എം. എസ് കാത്തുസൂക്ഷിച്ചു.

    ഉപഭോക്തൃ വിലസൂചികയിലെ അപാകതകള്‍ പരിഹരിക്കാന്‍ ബി. എം. എസ് ആണ് ആദ്യമായി സമരരംഗത്തിറങ്ങിയത്. എ. ഐ. ടി. യു. സി തുടങ്ങിയ മറ്റു സംഘടനകള്‍ തുടക്കത്തില്‍ ഈ സമരത്തെ എതിര്‍ത്തു. എച്ച്. എം. എസ്. എച്ച്. എം. പി തുടങ്ങിയവ ക്രമേണ സമരത്തില്‍ യോജിക്കുകയും ഒടുവില്‍ എല്ലാ സംഘടനകളും സമരത്തില്‍ പങ്കുചേരുകയും ചെയ്തു. 1963 ആഗസ്റ്റ് 20 ന് ബോംബെ ബന്ദ് നടന്നു. ബന്ദ് വലിയൊരു വിജയമായിരുന്നു. ഉപഭോക്തൃ വില സൂചിക കണക്കാക്കി വേണ്ട പരിഹാരം നിര്‍ദ്ദേശിക്കാന്‍ ലകഡാവാലാ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1962 ല്‍ ചൈനാ ആക്രമണകാലത്തും 1965 ലെ പാക്കിസ്ഥാന്‍ ആക്രമണകാലത്തും രാഷ്ട്രീയ മസദൂര്‍ മോര്‍ച്ച രൂപീകരിച്ച് രാഷ്ട്ര രക്ഷക്കായി പ്രവര്‍ത്തിക്കുവാന്‍ ബി. എം. എസ് തയ്യാറായി. സര്‍ക്കാരിനും ജവാന്മാര്‍ക്കും എല്ലാ സഹായങ്ങളും ചെയ്തു. 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധകാലത്ത് ബി. എം. എസ് രാഷ്ട്രീയ മസ്ദൂര്‍ മോര്‍ച്ച രൂപീകരിച്ചു പ്രവര്‍ത്തിച്ചു.

    image description
    image description
  2. ആദ്യത്തെ അഖില ഭാരതീയ സമ്മേളനം

    12 വര്‍ഷത്തെ കഠിന പരിശ്രമത്തിനു ശേഷം 1967 ആഗസ്റ്റ് 12, 13 തീയതികളില്‍ ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ അഖിലഭാരതീയ സമ്മേളനത്തില്‍ വച്ചാണ് ആദ്യമായി അഖിലേന്ത്യ സമിതി രൂപീകരിച്ചത്. അതുവരെ തൊഴിലാളി സംഘടനാ പ്രവര്‍ത്തനത്തിന്‍റെ ദൃഷ്ടിയില്‍ ഠേംഗിഡിജി ജനറല്‍ സെക്രട്ടറി എന്ന പേരിലറിയപ്പെടുകയും ഒരു അഞ്ചംഗ സമിതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തുവന്നു. ആദ്യത്തെ സമ്മേളനം 1967 ല്‍ ഉദ്ഘാടനം ചെയ്തത് ഡോ. അംബേദ്ക്കറുടെ വലംകയ്യും പിന്നോക്ക നേതാവും ആയിരുന്ന ശ്രീ ദാദാസാഹിബ് ഗെയ്ക്ക്വാദ് ആയിരുന്നു. ഈ സമയമായപ്പോഴേക്കും ഉത്തര്‍പ്രദേശ്, ദല്‍ഹി പ്രദേശങ്ങളില്‍ ബി. എം. എസിന് അംഗീകാരം ലഭിച്ചു കഴിഞ്ഞിരുന്നു. പഞ്ചാബില്‍ സംസ്ഥാന തൊഴില്‍ ഉപദേശക ബോര്‍ഡില്‍ ബി. എം. എസിന്‍റെ പ്രതിനിധിയെ ഉള്‍പ്പെടുത്തിയിരുന്നു. 1970 ലെ കാണ്‍പൂര്‍ സമ്മേളനമായപ്പോഴേക്കും പഞ്ചാബ്, ഹരിയാന, ബീഹാര്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലും ബി. എം. എസിന് അംഗീകാരം ലഭിച്ചിരുന്നു. ആന്തമാന്‍ നിക്കോബാര്‍ ദ്വീപിലെ ദേശസാല്‍കൃത ബാങ്കിലെ എല്ലാ ജീവനക്കാരും ബി. എം. എസ് അംഗങ്ങളായി. ഡല്‍ഹി മുതല്‍ അമൃത്സര്‍ വരെ ഠേംഗിഡിജിയായിരുന്നു തിരഞ്ഞെടുത്ത ജനറല്‍ സെക്രട്ടറി. അതിനുശേഷം ചുമതലകളില്‍ നിന്നും മാറി നിന്ന് മരണം വരെ ബി. എം. എസിനെ നയിച്ചു.

  3. പ്രവര്‍ത്തനത്തിന്‍റെ വിവിധ വശങ്ങള്‍

    1968 സെപ്റ്റംബര്‍ 19 ന് നടന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ദേശവ്യാപകമായ പണിമുടക്കില്‍ പങ്കെടുത്ത നിരവധി ജീവനക്കാര്‍ ജയിലിലായി, പലരുടെയും ജോലി നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ ഐ. എല്‍. ഒ വേദികളില്‍ പരാതി ഉന്നയിക്കും എന്ന ബി. എം. എസിന്‍റെ പ്രസ്താവനയെ മറ്റു സംഘടനകള്‍ പിന്‍താങ്ങുകയുണ്ടായി. ജസ്റ്റിസ് ഗജേന്ദ്രഗാഡ്കറുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ച ഒന്നാം ദേശീയ തൊഴില്‍ കമ്മീഷന് ബി. എം. എസ് നല്‍കിയ പഠനം ശ്രമനീതി (ലേബര്‍ പോളിസി) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴില്‍ മേഖലയെക്കുറിച്ചുള്ള ബി. എം. എസിന്‍റെ വീക്ഷണങ്ങളുടെ സമഗ്രപഠനമാണത്. 1969 സെപ്റ്റംബര്‍ 22 ന് അന്നത്തെ രാഷ്ട്രപതിയായ വി. വി ഗിരിക്ക് നല്‍കിയ ദേശീയ അവകാശപത്രികയും ബി. എം. എസിന്‍റെ സൈദ്ധാന്തിക വീക്ഷണങ്ങളുടെ ആധികാരിക രേഖയായിരുന്നു. ഇതില്‍ തൊഴിലാളികളെക്കുറിച്ച് മാത്രമല്ല സമൂഹത്തിന്‍റെ മുഴുവന്‍ മനുഷ്യശക്തിയെ കുറിച്ചുള്ള ചിന്തയും ഉള്‍ക്കൊള്ളിച്ചിരുന്നു. ബോണസ് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്ന ബി. എം. എസ് കാഴ്ചപ്പാട് പിന്നീട് നിയമലോകം അംഗീകരിക്കുകയുണ്ടായി.

    1972 ലെ ബോംബെ സമ്മേളനത്തിനു മുമ്പായി വീട്ടുജോലിക്കാര്‍ എന്ന ഒരു പ്രത്യേക വിഭാഗത്തിനിടയില്‍ ബി. എം. എസ് പ്രവര്‍ത്തനം തുടങ്ങിയത് ഒരു പുതിയ അനുഭവമായി - ڇഖരേലു കാംഗാര്‍ സംഘ്ڈ തൊഴില്‍ ഉദ്യോഗസ്ഥര്‍ വഴിയും കോടതിവഴിയും പ്രശ്നപരിഹാരം സാധ്യമല്ലാതെ സംഘടന മാത്രമായി അവരുടെ ആശ്രയം. പ്രക്ഷോഭണവും പണിമുടക്കും നടത്തുന്നതിന് പകരം സത്യഗ്രഹമായിരുന്നു സമരമുറ. 1972 മെയ് 22, 23 തീയതികളില്‍ മുംബെയില്‍ നടന്ന മൂന്നാം ദേശീയസമ്മേളനത്തിന്‍റെ ഭാഗമായി ഏകദേശം 60,000 വീട്ടുജോലിക്കാര്‍ പങ്കെടുത്ത വന്‍ റാലി നടത്തി. 1973 ല്‍ അസംഘടിത, അസുരക്ഷിത തൊഴിലാളികള്‍ക്കിടയില്‍ സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബി. എം. എസ് തീരുമാനിച്ചു. 1974 ല്‍ ജോര്‍ജ് ഫെര്‍ണാന്‍ഡസിന്‍റെ നേതൃത്വത്തില്‍ നടന്ന റെയില്‍വെ തൊഴിലാളി സംഘടനകളുടെ പണിമുടക്കില്‍ ഭാരതീയ റെയില്‍വെ മസ്ദൂര്‍ സംഘവും സജീവമായി പങ്കെടുത്തു. സമരത്തിനിടയില്‍ രാഷ്ട്രസമ്പത്തിന് നാശം ഉണ്ടാക്കില്ലെന്ന് ബി. എം. എസ് പ്രത്യേകം നിഷ്കര്‍ഷിച്ചു. ഇതുപോലെ എല്‍. ഐ. സി ജീവനക്കാരുടെ സംയുക്ത സമരത്തില്‍ ബി. എം. എസ് സജീവമായി പങ്കെടുത്തു. .

  4. അടിയന്തരാവസ്ഥാ പ്രഖ്യാപനം

    1974 ഏപ്രില്‍ മാസത്തില്‍ അമൃത്സറില്‍ വച്ച് നടന്ന സമ്മേളനത്തില്‍ ഠേംഗിഡിജി രാഷ്ട്രത്തിന് വരാന്‍ പോകുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. അടിച്ചമര്‍ത്തല്‍ നയത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ജൂണ്‍ 26 ന് ഇന്ദിരാഗാന്ധി സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനകീയ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും മറ്റും എടുത്ത് കളഞ്ഞതിനെതിരെ നടന്ന സമരത്തില്‍ ബി. എം. എസ് മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ട്രേഡ് യൂണിയനുകള്‍ ഏകാധിപത്യത്തെ പിന്തുണച്ചു. സി. പി. ഐ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നതിനാല്‍ എ. ഐ. ടി. യു. സി അതേ നിലപാട് പിന്തുടര്‍ന്നു. അടിയന്തരാവസ്ഥക്കാലത്തെ കുപ്രസിദ്ധ മുദ്രാവാക്യമായിരുന്ന ڇനാവടക്കൂ പണിയെടുക്കൂڈ എന്നെഴുതിയ പോസ്റ്ററുകള്‍ നാടുനീളെ തൊഴില്‍ സ്ഥാപനങ്ങളില്‍ പതിക്കുവാന്‍ എ. ഐ. ടി. യു. സിക്കാര്‍ ആവേശം കാണിച്ചു.

    അടിയന്തരാവസ്ഥയ്ക്കെതിരെ ലോക സംഘര്‍ഷ സമിതി രൂപീകരിക്കപ്പെടുകയും ബി. എം. എസ്, എച്ച്. എം. എസ്, സി. ഐ. ടി. യു, എച്ച്. എം. കെ. പി എന്നിവര്‍ ചേര്‍ന്ന് കൂട്ടായ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനുകള്‍ പേടിച്ചു മാളത്തില്‍ ഒളിച്ചു. ചെറിയ കാര്യത്തിനു പോലും സമരം ചെയ്യുന്ന സ്വഭാവം അവര്‍ മറന്നു. ആ സമയത്ത് രാഷ്ട്രരക്ഷയ്ക്കും, ജനാധിപത്യ സംരക്ഷണത്തിനും വണ്ടി തൊഴിലാളികള്‍കകിടയില്‍ പ്രവര്‍ത്തിച്ച പ്രധാന സംഘടന ബി. എം. എസ് ആയിരുന്നു. ദേശീയ തലത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരായി സമരം ചെയ്ത സംഘടനയായ ڇലോക സംഘര്‍ഷ സമിതിڈയുടെ കമവീനര്‍ ആയി ഒളിവില്‍ ഠേംഗിഡിജി പ്രവര്‍ത്തിച്ചു. തൊഴിലാളികളുടെ ബോമസിനുള്ള അവകാശം നഷ്ടപ്പെട്ടിട്ടും ഐ. എന്‍. ടി. യു. സിയും, എ. ഐ. ടി. യു. സി യും അതിനെ എതിര്‍ത്തില്ല. മറ്റു ട്രേഡ് യൂണിയന്‍ നേതാക്കള്‍ നാമമാത്രമായ എതിര്‍പ്പ് പ്രകടിപ്പിച്ച് നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയാണ് ചെയ്തത്.

    അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്‍റെ പേരില്‍ ആയിരക്കണക്കിന് ബി. എം. എസ് പ്രവര്‍ത്തകര്‍ ജയിലിലായി. നിരവധി പേര്‍ ഒളിവില്‍ പ്രവര്‍ത്തിച്ചു. 70,000 ത്തിലധികം ബി. എം. എസ് പ്രവര്‍ത്തകര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു. ഈ അഗ്നിപരീക്ഷ 1977 മാര്‍ച്ച് മാസമാണ് അവസാനിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ദേശീയ തിരഞ്ഞെടുപ്പില്‍ രാഷ്ട്രത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏകാധിപത്യത്തിനെതിരായി ബി. എം. എസ് സജീവമായി പങ്കെടുത്തു. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്രത്തിന്‍റെ താല്‍പര്യത്തിനായിരുന്നു ഇത്. ആ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ഭാരത ജനത തൂത്തെറിഞ്ഞു. പിന്നീടൊരിക്കലും ബി. എം. എസ് സംഘടനയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തില്ല. മറ്റു തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ബി. എം. എസിന്‍റെ പ്രാപ്തിയും, രാജ്യസ്നേഹവും, ത്യാഗമനസ്ഥിതിയും ഭാരതം നേരിട്ട് പരീക്ഷിച്ചറിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ഇങ്ങനെ ആര്‍ജ്ജിച്ച വിശ്വാസത്തിന്‍റെ ഫലമായി ബി. എം. എസ്സിന് തുടര്‍ന്ന് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഉണ്ടായത്. 1975 ല്‍ 8 1/2 ലക്ഷം ഉണ്ടായിരുന്ന അംഗസംഖ്യ 1981 ല്‍ 18 1/2 ലക്ഷമായി.

  5. പ്രതികരണാത്മക സഹകരണം ( Responsive Co-operation )

    1977 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ജനതാ പാര്‍ട്ടിയുടെ ഭരണകാലത്ത് ഭരണകക്ഷിയുടെ പ്രധാന പോഷകസംഘടനയായി പ്രവര്‍ത്തിക്കാന്‍ ബി. എം. എസി നോട് പാര്‍ട്ടി നേതാവ് മധു ലിമായെ നിരന്തരം അഭ്യര്‍ത്ഥിച്ചു. പക്ഷെ അത് ഠേംഗിഡിജിയുടെ നേതൃത്വത്തില്‍ ബി. എം. എസ് തിരസ്ക്കരിച്ചു. രാഷ്ട്രീയാധികാരത്തില്‍ നിന്നും അകലം പാലിക്കണമെന്ന ആദര്‍ശാധിഷ്ഠിത തീരുമമാനത്തില്‍ ബി. എം. എസ് ഉറച്ചുനിന്നു. ട്രേഡ് യൂണിയനുകള്‍ ലയിച്ച് ഒന്നാകണമെങ്കില്‍ ആകാം. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് കീഴില്‍ ട്രേഡ് യൂണിയനുകളെ കൊണ്ടുവരുന്നതിനോട് ബി. എം. എസ് യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി. ഈ സുവര്‍ണാവസരം പാഴാക്കുന്നതില്‍ പലരും നെറ്റി ചുളിച്ചുവെങ്കിലും കാലം ഈ തീരുമാനം ശരിയെന്ന് തെളിയിച്ചു. 1979 ഒടുവിലായപ്പോഴേക്കും അധികാരത്തിന്‍റെ പേരില്‍ ജനതാപാര്‍ട്ടി പിളര്‍ന്ന് കഷണങ്ങളായി. വീണ്ടും ഇന്ദിരാഗാന്ധി വന്‍വിജയം നേടി അധികാരത്തിലേറി.

    അടിയന്തരാവസ്ഥയില്‍ ബോണസ് എടുത്തുകളഞ്ഞപ്പോള്‍ ഐ. എന്‍. ടി. യു. സി. യും എ. ഐ. ടി. യു. സി യും അതിനെ എതിര്‍ത്തില്ല. ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ പതുക്കെ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ആ സമയത്ത് എച്ച്. എം. എസ്, എച്ച്. എം. പി എന്നിവ നിശ്ശബ്ദമായി സര്‍ക്കാര്‍ നയങ്ങളെ പിന്‍താങ്ങി വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ ഐ. എന്‍. ടി. യു. സി യും, എ. ഐ. ടി. യു. സി യും നിശ്ശബ്ദരായി. അപ്പോള്‍ എച്ച്. എം. എസ്. എച്ച്. എം. പി ക്കാര്‍ സര്‍ക്കാര്‍ വിരോധം പ്രകടിപ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന കക്ഷിയോടുള്ള രാഷ്ട്രീയാഭിമുഖ്യമാണ് മറ്റ് തൊഴിലാളി സംഘടനകളുടെ സമരനയത്തെ സ്വാധീനിച്ചത്. എന്നാല്‍ ജനതാപാര്‍ട്ടിയുടെ കാലത്ത് ബോണസ് പ്രശ്നം, റെയില്‍വെ ജീവനക്കാരുടെ സമരം, വ്യവസായബന്ധ ബില്ലിനെതിരായ പ്രവര്‍ത്തനം തുടങ്ങിയ കാര്യങ്ങളില്‍ ബി. എം. എസ് രാഷ്ട്രീയം നോക്കാതെ തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊണ്ടു. അന്ന് പാര്‍ലമെന്‍റ് ഭാഗത്തേക്ക് ജലവിതരണം നിര്‍ത്തിച്ചു കൊണ്ടുള്ള ഡല്‍ഹി ബി. എം. എസ് തൊഴിലാളികളുടെ സമരം വളരെയധികം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
    ബി. എം. എസ് എക്കാലത്തും സര്‍ക്കാരുകളോട് ڇപ്രതികരണാത്മക സഹകരണംڈ എന്ന നയമാണ് സ്വീകരിച്ചു വന്നത്. അതിന്‍റെ അര്‍ത്ഥം സര്‍ക്കാര്‍, ഉടമകള്‍ തുടങ്ങിയവര്‍ തൊഴിലാളികളോട് എന്തു നയമാണ് സ്വീകരിക്കുന്നത്, അതനുസരിച്ച് തിരിച്ചങ്ങോട്ടും ബി. എം. എസ് പെരുമാറി വന്നു. ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റെ രാഷ്ട്രീയാതീത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമെന്ന ആദര്‍ശം പ്രവര്‍ത്തിയിലും പൂര്‍ണമായി പ്രതിഫലിച്ചിരുന്നു.

  6. ബി. എം. എസ് ഒന്നാം സ്ഥാനത്തേക്ക് വളരുന്നു

    1978 ല്‍ ജയ്പൂരില്‍ വച്ചു നടന്ന അഞ്ചാം അഖിലേന്ത്യാ സമ്മേളനമായപ്പോഴേക്കും അംഗസംഖ്യ പത്തുലക്ഷം കഴിഞ്ഞു. ഭോപ്പാലില്‍ വച്ച് നടന്ന 1996 ലെ 11-ാം സമ്മേളനകാലത്ത് 47 ലക്ഷത്തിലധികം അംഗങ്ങളാണ് ബി. എം. എസ്സില്‍ ഉണ്ടായിരുന്നത്. 31.12.1980 അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ ട്രേഡ് യൂണിയനുകളുടെ അംഗത്വപരിശോധന നടത്തി. 1984 ല്‍ ആണ് ഫലം വന്നത്. 1948 മുതല്‍ ഐ. എന്‍. ടി. യു. സി ഒന്നാം സ്ഥാനം കയ്യടക്കി വച്ചിരുന്നു. 1984 ല്‍ അവര ഒന്നാം സ്ഥാനവും ബി. എം. എസ് രണ്ടാം സ്ഥാനവും കയ്യടക്കി. 1984 ല്‍ ബി. എം. എസ്സിന് 20 ലക്ഷത്തിലധികം അംഗങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാരിന്‍റെ ദൃഷ്ടിയില്‍ 2-ാം സ്ഥാനമാണ് ലഭിച്ചത്.

    1987 ല്‍ ബി. എം. എസ്സിന്‍റെ അംഗസംഖ്യ 33 ലക്ഷത്തിനടുത്തെത്തി, 1991 ല്‍ 39 ലക്ഷത്തിനടുത്തും 1994 ല്‍ 45 ലക്ഷവും, 1995 ഒടുവില്‍ 47 ലക്ഷവുമായി. 1989 ഡിസംബര്‍ 31-ാം തീയതി അടിസ്ഥാനമാക്കി നടത്തിയ അംഗത്വ പരിശോധന 1994 വരെ നീണ്ടുപോയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസ് സരക്കാരിന് ബി. എം. എസ് ആണ് ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയെന്ന് പ്രഖ്യാപിക്കേമ്ടി വന്നു. ബി. എം. എസ്സിന്‍റെ അംഗീകരിക്കപ്പെട്ട അംഗസംഖ്യ 31, 17, 324 ആയിരുന്നു. ആദ്യത്തെ യൂണിയനായ എ. ഐ. ടി. യു. സി, സി. ഐ. ടി. യു എന്നിവയുടെ അംഗസംഖ്യ കൂട്ടിയാല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്‍റേതിനെക്കാള്‍ വളരെ താഴെയാണ്. ആദ്യമായി ഐ. എന്‍. ടി. യു. സി..., ബി. എം. എസ്സിനു പുറകിലായി രണ്ടാം സ്ഥാനത്തേക്കു പുറന്തള്ളപ്പെട്ടു. അങ്ങനെ ബി. എം. എസ് ചരിത്രം സൃഷ്ടിച്ചു. അതിന് ശേഷം അംഗത്വ പരിശോധന സംബന്ധിച്ച് നീണ്ടു നിന്ന നിയമയുദ്ധത്തിന്‍റെ ഒടുവില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് 2002 ഡിസംബര്‍ 31 തീയതി പ്രകാരമുള്ള അംഗത്വ കണക്ക് പരിശോധിക്കാന്‍ ഉത്തരവിട്ടു. .

    തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ ദേശവ്യാപകമായ അംഗത്വ പരിശോധനയില്‍ വീണ്ടും ബി. എം. എസ്സിനെ ഒന്നാമത്തെ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനയായി കോണ്‍ഗ്രസ്സ് സര്‍ക്കാരിനു തന്നെ പ്രഖ്യാപിക്കേണ്ടിവന്നു. ബി. എം. എസ്സിന്‍റെ അംഗീകൃത മെമ്പര്‍ഷിപ്പ് 62, 15,797 ആയിരുന്നു. ഐ. എന്‍. ടി. യു. സി, ബി. എം. എസ്സിന്‍റെ ഏതാണ്ട് പകുതിയായ 38,92,011 അംഗസംഖ്യയോടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം സ്ഥാനത്തായിരുന്ന സി. ഐ. ടി. യു വിനെ 5-ാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട് യഥാക്രമം 33,22,532 അംഗങ്ങളോടെ എച്ച്. എം. എസ് 4-ാം സ്ഥാനത്തും വന്നു. അഞ്ചാം സ്ഥാനത്തെത്തിയ സി. ഐ. ടി. യു വിന് കേവലം 26,77,979 ആണ് അംഗസംഖ്യ ഉണ്ടായിരുന്നത്. ബി. എം. എസ്സ് പ്രവര്‍ത്തനം 44 വ്യവസായങ്ങളിലും അസംഘടിത മേഖലയിലെ പുതിയ മേഖലകളിലും സജീവമാണ്. അങ്ങനെ ഭാരതീയ മസ്ദൂര്‍ സംഘം ഭാരതത്തിലെ മാത്രമല്ല ലോകത്തുതന്നെയുള്ള ഏറ്റവും വലിയ സ്വതന്ത്ര ദേശീയ തൊഴിലാളി സംഘടനയാണ്. ചൈനയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരേ ഒരു തൊഴിലാളി സംഘടനയുണ്ടെങ്കിലും അത് സ്വതന്ത്രമല്ല.

  7. ബി. എം. എസ് പരിപാടികള്‍ ചിലത്

    1980 ലെ രജതജയന്തി വര്‍ഷത്തെ തൊഴില്‍ദിനമായ വിശ്വകര്‍മ്മ ജയന്തി വളരെ വിപുലമായി രാജ്യം മുഴുവന്‍ ആഘോഷിച്ചു. ബി. എം. എസ്സിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തിന് 24 ലക്ഷം രൂപയുടെ ധന ശേഖരണം നടത്തിയത് 1981 ല്‍ ഠേംഗിഡിജിയുടെ 60-ാം പിറന്നാളിന്‍റെ ഭാഗമായിട്ടാണ്.

    1980 കള്‍ക്കു ശേഷം സര്‍ക്കാര്‍ പിന്തുടര്‍ന്നു വന്ന തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെ ബോംബെയില്‍ വച്ച് 4.6.1981 ല്‍ നാഷണല്‍ കാംപെയിന്‍ കമ്മിറ്റി (എന്‍. സി. സി) ക്ക് വിവിധ കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകള്‍ രൂപം നല്‍കി ബി. എം. എസ്സ് വളരെ സജീവമായി എന്‍. സി. സി യില്‍ പ്രവര്‍ത്തിച്ചു. 1986 ല്‍ 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ചേര്‍ന്ന് ഒരു പൊതുവേദിയുണ്ടാക്കി ദേശീയ ഐക്യം, ആയുധ നിര്‍വ്യാപനം, വര്‍ണ വിവേചനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

    1984 ലെ ഹൈദരാബാദ് സമ്മേളനത്തില്‍ വച്ച് ആ വര്‍ഷം തൊഴില്‍ നിഷേധിയായ കമ്പ്യൂട്ടറിനെ എതിര്‍ക്കുവാനുള്ള വര്‍ഷമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഭാരതത്തിലെ വ്യവസായ, തൊഴില്‍ ബാങ്കിങ്ങ് മേഖലകളില്‍ മനുഷ്യനെ സഹായിക്കുന്നതിന് പകരം മനുഷ്യരെ ഒഴിവാക്കി ആ സ്ഥാനം കയ്യടക്കുന്ന തരത്തില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം വ്യാപകമായി വന്ന സമയമായിരുന്നു അത്. ഭാരതത്തിനാവശ്യം തൊഴില്‍ നിഷേധങ്ങളായ സാങ്കേതിക വളര്‍ച്ചയല്ല. മറിച്ച് ഭീമാകാര രൂപത്തില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലാ പടയ്ക്ക് അനുകൂലമായ സാങ്കേതിക വളര്‍ച്ചയാണ്. ഗവേഷണം, സുരക്ഷ, അന്തരീക്ഷപഠനം, സമുദ്രപഠനം തുടങ്ങിയ മേഖലകളില്‍ കമ്പ്യൂട്ടര്‍ സഹായം ആവശ്യമാണ് എന്നും ബി. എം. എസ് വിലയിരുത്തിയിരുന്നു. ബി. എം. എസ് കമ്പ്യൂട്ടറിനെ അംഗീകരിക്കുകയും അനിയന്ത്രിത കമ്പ്യൂട്ടര്‍വല്‍ക്കരണത്തെ എതിര്‍ക്കുകയും ചെയ്തു.

    ഗാന്ധിജി മുതലിനെ അംഗീകരിക്കുകയും മുതലാളിത്തത്തെ എതിര്‍ക്കുകയും ചെയ്തതു പോലെയാണ്. ബി. എം. എസ് തൊഴിലാളികളെ കുറയ്ക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയും, തൊഴില്‍ വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളെ സ്വാഗതം ചെയ്യുകയും ചെയ്തു. അടിസ്ഥാന കാര്യങ്ങളില്‍ തെറ്റായ പരിഷ്ക്കാരങ്ങള്‍ക്കു മുതിര്‍ന്ന സര്‍ക്കാരിനെതിരെ ബി. എം. എസ് 2002 ഏപ്രില്‍ 16 ന് പൊതുമേഖലാ പണിമുടക്ക് നടത്തി. മറ്റു കേന്ദ്ര ട്രേഡ് യൂണിയനുകളും അന്നേ ദിവസം പണിമുടക്കി. പൊതുമേഖലയിലെ ബി. എം. എസ് ഫെഡറേഷനുകള്‍ 2840 മീറ്റിങ്ങുകള്‍ നടത്തുകയും അതില്‍ പതിനായിരക്കണക്കിനു തൊഴിലാളികള്‍ പങ്കെടുക്കുകയും ചെയ്തു. ഇതും ബാങ്കിങ്ങ് മേഖലയിലെ പണിമുടക്കും ചരിത്ര സംഭവങ്ങളായി മാറി.

  8. സാമ്പത്തിക സാമ്രാജ്യത്വത്തിനോടുള്ള യുദ്ധ പ്രഖ്യാപനം

    1989 ല്‍ കമ്മ്യൂണിസ്റ്റ് റഷ്യ വിഘടിച്ചു പോവുകയും ലോക കമ്മ്യൂണിസം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുതല്‍ തകര്‍ന്നു വീഴുകയും ചെയ്തു. തുടര്‍ന്ന് ലോകം ഏക ധ്രുവമായി മാറി. 1990 കളില്‍ പുത്തന്‍ സാമ്പത്തിക നയങ്ങളും (ഉദാരീകരണം, സ്വകാര്യവല്‍ക്കരണം, ആഗോളീകരണം) തുറന്ന കമ്പോള നയവും നിലവില്‍ വന്നു. 1991 ജൂലൈ 3 ന് നരസിംഹറാവു സര്‍ക്കാര്‍ പുത്തന്‍ സാമ്പത്തിക നയവും, പുതിയ വ്യവസായ നയവും പ്രഖ്യാപിച്ചു. അങ്ങനെ ഭാരതത്തില്‍ വിദേശ നിക്ഷേപത്തിന് വേണ്ടി എല്ലാ വാതിലുകളും തുറന്ന് കൊടുക്കപ്പെടുകയും ആദ്യം സ്ഥാപനങ്ങളും പിന്നീട് നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ രൂപത്തിലും ഇതു നടപ്പിലാക്കപ്പെട്ടു. 1994 മാര്‍ച്ച് 18, 19, 20 തീയതികളില്‍ ധന്‍ബാദില്‍ വച്ചു നടന്ന 10-ാം ദേശീയ സമ്മേളനത്തില്‍ പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ബി. എം. എസ് സാമ്പത്തിക സാമ്രാജ്യത്തിനോടുള്ള യുദ്ധ പ്രഖ്യാപനം നടത്തി.

    ഡബ്ല്യു ടി. ഒ (ലോക വ്യാപാര സംഘടന) യുടെ ചൂഷണരീതികളെക്കുറിച്ച് തൊഴിലാളികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരെ ബോധവലല്‍ക്കരിക്കുവാന്‍ രാജ്യവ്യാപകമായി 2002 സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജന ചേതനാ അഭിയാന്‍ സംസ്ഥാന കേന്ദ്രങ്ങളില്‍ നടക്കുകയുണ്ടായി. ڇഡബ്ല്യു. ടി. ഒ മോഡോ, തോഡോ യാ ഛോഡോڈ എന്ന മുദ്രാവാക്യം മുഴങ്ങി. ഡബ്ല്യു. ടി. ഒ വിന് ബദല്‍ സൃഷ്ടിക്കുവാന്‍ മുന്‍കൈയെടുത്തു കൊണ്ടും അതിനായി മൂന്നാം ലോക രാജ്യങ്ങളെ യോജിപ്പിച്ചു കൊണ്ടും സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള യുദ്ധം അതിന്‍റെ യുക്തിപരമായ പരിസമാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിനോട് ബി. എം. എസ് ആഹ്വാനം ചെയ്തു. മെക്സികോയിലെ കാന്‍കൂന്‍ എന്ന സ്ഥലത്തു നടന്ന ഡബ്ല്യു. ടി. ഒ യുടെ മിനിസ്റ്റീരിയല്‍ മീറ്റിങ്ങിനു മുമ്പായി 2003 ജൂലായ് 23 മുതല്‍ ആഗസ്റ്റ് 9 വരെ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ജനജാഗരണ അഭിയാന്‍ നടത്തി. അതില്‍ 4 ലക്ഷത്തിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. ഇതിന്‍റെ പരിസമാപ്തിയായി ഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ സ്വദേശി ജാഗരണ്‍മഞ്ച് ഭാരതീയ കിസാന്‍ സംഘ് എന്നിവരോട് ചേര്‍ന്ന് ഒരു മഹാധര്‍ണയും നടത്തി.

    ഐ. ടി. യു സി പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഡബ്യു. ടി. ഒ വിന് അനുകൂലമായ നിലപാട് ആണ് എടുത്തത്. സംഘസ്ഥാപകനായ ഡോക്ടര്‍ജി മുന്‍പില്‍ വച്ച ഒരു അന്താരാഷ്ട്ര ലക്ഷ്യം മുതലാളിത്ത രാജ്യങ്ങളുടെ അടിച്ചമര്‍ത്തലില്‍ നിന്നും ദരിദ്ര രാജ്യങ്ങളെ മോചിപ്പിക്കമമെന്ന ലക്ഷ്യം - നിറവേറ്റുന്നതിന്‍റെ ഭാഗമാണിത്. മൂന്നാം ലോക രാജ്യങ്ങളുടെ തൊഴിലാളി സംഘടനകള്‍ക്ക് ദിശാബോധവും ആത്മവിശ്വാസവും നല്‍കുന്ന നേതൃത്വം നല്‍കേണ്ടത് ബി. എം. എസ്സിന്‍റെ ചരിത്രപരമായ ചുമതലയാണ്.

  9. ബി. എം. എസ്സിന്‍റെ മറ്റു വേദികള്‍

    1984 ലെ ഹൈദരാബാദ് സമ്മേളനം വിദേശകമ്പനികളും നാടന്‍ കുത്തകകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുദ്ധപ്രഖ്യാപനം നടത്തി. 1990 ന് ശേഷം സമ്പന്ന രാജ്യങ്ങള്‍ സാമ്പത്തിക സാമ്രാജ്യത്വം വളര്‍ത്തിയപ്പോള്‍ സ്വദേശം ജാഗരണമഞ്ചിന് തുടക്കം കുറിച്ചുകൊണ്ട് ബി. എം. എസ് പ്രവര്‍ത്തകര്‍ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ചു. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരു കുടുംബാംഗങ്ങളെ പോലെ രാഷ്ട്രതാല്‍പര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും അവരില്‍ ബി. എം. എസ്സിന്‍റെ ആശയാദര്‍ശങ്ങള്‍ എത്തിക്കുകയും ചെയ്യുന്നതിനു വേണ്ടി സര്‍വപന്ഥ സമാദര്‍മഞ്ചും ആരംഭിച്ചു. പഞ്ചാബിലെ വേറിടല്‍ വാദം വളര്‍ന്ന് സമുദായ കലാപമായി മാറാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് സര്‍വപന്ഥ സമാദര്‍ മഞ്ച് വളര്‍ന്നത്. 1995 ല്‍ ഒരു പരിസ്ഥിതി മഞ്ചിനും ബി. എം. എസ് രൂപം നല്‍കിയിട്ടുണ്ട്. എല്ലാ വര്‍ഷവും മാര്‍ച്ച് 4 മുതല്‍ 11 വരെ ബി. എം. എസ് സുരക്ഷാവാരമായി ആചരിച്ചു വരുന്നു.

  10. ഐ. എല്‍. ഒ

    വളരെ മുമ്പു മുതല്‍ അന്താരാഷ്ട്ര തൊഴില്‍ സമ്മേളനങ്ങളില്‍ ബി. എം. എസ് പങ്കെടുത്തു വന്നു. ജനതാ സര്‍ക്കാറിനെ 1977 ല്‍ അധികാരത്തിലേറ്റിയ ശേഷം ബി. എം. എസ് ഒരു ഉത്തരവാദിത്വപ്പെട്ട സംഘടനയായി അംഗീകരിക്കപ്പെടുകയും അങ്ങനെ ഭാരതത്തില്‍ നിന്നുള്ള ഐ. എല്‍. ഒ പ്രതിനിധി സംഘത്തില്‍ പ്രതിനിധിയാകുകയും ചെയ്തു. ഠേംഗിഡിജി 1977 ല്‍ ഐ. എല്‍. ഒ യുടെ ജനീവയില്‍ വച്ചു നടന്ന 63 -ാം സമ്മേളനത്തില്‍ പങ്കെടുത്തു. 1984 ല്‍ ബി. എം. എസ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിലാളി സംഘടനയായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ഔദ്യോഗികമായി അന്തര്‍ദേശീയ വേദികളില്‍ പങ്കെടുക്കുന്ന ഓരോ ട്രേഡ് യൂണിയന്‍ പ്രതിനിധി സംഘത്തിലും ബി. എം. എസ്സിനെ ഉള്‍പ്പെടുത്തി വന്നു.

    1996 മുതല്‍ ഐ. എല്‍. ഒ സമ്മേളനങ്ങളില്‍ ഭാരതത്തിന്‍റെ പ്രതിനിധിയായി ട്രേഡ് യൂണിയന്‍ സംഘത്തെ നയിച്ചിരുന്നത് ബി. എം. എസ് ആയിരുന്നു. മറ്റു ട്രേഡ് യൂണിയനുകള്‍ ഉപദേശകരായിട്ടാണ് പങ്കെടുത്ത് വന്നത്. 2005 ല്‍ മാത്രമാണ് തൊഴില്‍ മന്ത്രാലയം ഏകപക്ഷീയമായി ബി. എം. എസ്സിന്‍റെ ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടന എന്ന അവകാശത്തെ മറികടന്ന് ഭരണകക്ഷിയുടെ തൊഴിലാളി സംഘടനയായ ഐ. എന്‍. ടി. യു. സി യ്ക്ക് പ്രതിനിധി പദവി നല്‍കിയത്. തുടര്‍ന്ന് ഐ. എല്‍. ഒ യുടെ അച്ചടക്ക സമിതിയില്‍ (ഇൃലറലിശേമഹ ഇീാാശലേേല) ബി. എം. എസ് പരാതി നല്‍കുകയും ഭാരത സര്‍ക്കാരിനെ സമിതി മേലില്‍ ഇത് ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കുകയും ചെയ്തു. അടുത്ത വര്‍ഷം തന്നെ സര്‍ക്കാര്‍ ബി. എം. എസ്സിന് പ്രതിനിധി പദവി തിരിച്ചു നല്‍കി.

    1994 ജൂണില്‍ നടന്ന ഐ. എല്‍. ഒ സമ്മേളനത്തില്‍ ഭാരതത്തിന്‍റെ പ്രതിനിധിയായി പങ്കെടുത്ത അന്ന് ബി. എം. എസ് സംഘടനാ സെക്രട്ടറിയായിരുന്ന ശ്രീ. ആര്‍. വേണുഗോപാല്‍ ഭാരതത്തിന്‍റെ കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ څസാമൂഹിക വകുപ്പ്چ നടപ്പിലാക്കുന്നതിനെ എതിര്‍ത്തു. പിന്നീട് പേരുമാറ്റി څസോഷ്യല്‍ ലേബലിങ്ങ്چ എന്ന പേരില്‍ 1997 ല്‍ ഐ. എല്‍. ഒ സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശത്തെയും ബി. എം. എസ് എതിര്‍ത്തു.

  11. അന്തര്‍ദേശീയ തൊഴിലാളി യൂണിയനുകളുമായി ഐക്യദാര്‍ഢ്യം

    അന്താരാഷ്ട്രതലത്തില്‍ വ്യത്യസ്ത താല്‍പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്ന പ്രധാനമായും 3 സംഘടനകള്‍ ആണ് ഉള്ളത്. 1. മുതലാളിത്ത അനുകൂല ഐ. ടി. യു. സി International Trade Union Confederation),, 2. ഇടതുപക്ഷ ചായ്വുള്ള ഡബ്ല്യു. എഫ്. ടി. യു World Federation of Trade Union), 3. അടുത്ത കാലത്ത് ഡബ്ല്യു. സി. എല്‍ (World Confederation of Labour) എന്ന സംഘടന പഴയ ഐ. സി. എഫ്. ടി. യു (International Confederation of Free Trade Unions) വില്‍ ലയിച്ചപ്പോഴാണ് പുതിയ ഐ. ടി. യു. സി ഉണ്ടായത്. ഇവരുടെ സ്ഥാപിത താല്‍പര്യങ്ങളോടും, രാഷ്ട്രീയ നിലപാടുകളോടും പ്രത്യശാസ്ത്രപരമായി യോജിക്കാന്‍ കഴിയാത്തതിനാല്‍ ബി. എം. എസ് ഇവയോട് ഒന്നിനോടും അഫിലിയേറ്റ് ചെയ്തിട്ടില്ല.

    എന്നിരുന്നാലും നമ്മുടെ അന്താരാഷ്ട്ര തൊഴില്‍ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമായി വരുന്നു. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധി സംഘങ്ങള്‍ ബി. എം. എസ് കേന്ദ്ര കാര്യാലയം സന്ദര്‍ശിച്ചിട്ടുണ്ട്. 1985 ഏപ്രില്‍ മാസം ചൈനയില്‍ ആകെയുള്ള ട്രേഡ് യൂണിയന്‍ ആയ എ. സി. എഫ്. ടി. യു (All China Federation of Trade Union) വിന്‍റെ ക്ഷണം സ്വീകരിച്ച് ഠേംഗിഡിജിയുടെ നേതൃത്വത്തില്‍ ഒരു ബി. എം. എസ് പ്രതിനിധി സംഘം ചൈന സന്ദര്‍ശിച്ചു. ബി. എം. എസിന്‍റെ പ്രത്യേകമായ പ്രവര്‍ത്തന ശൈലിയും, തൊഴില്‍ ബന്ധങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടും ശ്രദ്ധാപൂര്‍വം ചൈനയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പഠിക്കുകയും ചെയ്തു. ബീജിങ്ങ് റേഡിയോ ഠേംഗിഡിജിയുടെ സന്ദേശം പ്രക്ഷേപണം ചെയ്യുകയുണ്ടായി. 1990 നവംബറില്‍ മോസ്കോയില്‍ വച്ച് നടന്ന ഡബ്ല്യു. എഫ്. ടി. യു വിന്‍റെ ലോകസമ്മേളനത്തില്‍ ബി. എം. എസ് പ്രത്യേകം ക്ഷണിതാവായി പങ്കെടുത്തു.

  12. പ്രതികരണാത്മക സഹകരണവും എന്‍. ഡി. എ സര്‍ക്കാരും

    1990 കള്‍ക്ക് ശേഷം ഇടതുപക്ഷം ഉള്‍പ്പെടെയുള്ള വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടികള്‍ നയിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തിട്ടുള്ള വ്യത്യസ്ത സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നുവെങ്കിലും അവരുടെയെല്ലാം സാമ്പത്തിക നയവും, തൊഴില്‍ നയവും ഏറെക്കുറെ ഒന്നുതന്നെയായിരുന്നു. നരസിംഹറാവുവിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍, ഇടതുപക്ഷ പിന്തുണയുള്ള ദേവഗൗഡ സര്‍ക്കാര്‍, ഗുജറാള്‍ സര്‍ക്കാര്‍, യു. പി. എ സര്‍ക്കാര്‍ എന്നിവയുടെ തൊഴിലാളിവിരുദ്ധ നയങ്ങളെ ബി. എം. എസ് എതിര്‍ത്തു വന്നു. എന്‍. ഡി. എ സര്‍ക്കാരിന്‍റെ കാലത്തും, അതില്‍ ബി. എം. എസ്സിന്‍റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നിട്ടും, സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധമായി തോന്നിയ നയങ്ങളെ ബി. എം. എസ് എതിര്‍ക്കുകയുണ്ടായി. ഇക്കാര്യത്തില്‍ 2001 ഏപ്രില്‍ 16 ന് ബി. എം. എസ് ഡല്‍ഹിയില്‍ ഒരു വന്‍ റാലിയും രാംലീലാ മൈതാനത്ത് വലിയൊരു പ്രതിഷേധ സമ്മേളനവും സംഗടിപ്പിക്കുകയുണ്ടായി. ഡബ്ല്യു. ടി. ഒ യുടെ കാര്യത്തില്‍ സര്‍ക്കാരിന്‍റെ ശ്രദ്ധ ക്ഷണിക്കുകയും ഈ പരിപാടിയുടെ ഉദ്ദേശ്യമായിരുന്നു. ആ പരിപാടി രാഷട്രത്തിന്‍റെ ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. ആ പരിപാടിക്കു ശേഷം രാജ്യത്തെ ട്രേഡ് യൂണിയനുകള്‍ക്ക് ബി. എം. എസ്സിലുള്ള വിശ്വാസം വര്‍ദ്ധിച്ചു. തുടര്‍ന്ന് ബി. എം. എസ്സിന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരിന്‍റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.

  13. 2-ാം ദേശീയ തൊഴില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിയോജനക്കുറിപ്പ്

    1969 ല്‍ ഒന്നാം ദേശീയ തൊഴില്‍ കമ്മീഷന്‍ അതിന്‍റെ റിപ്പോര്‍ട്ട് നല്‍കി 30 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ രവീന്ദ്രവര്‍മ്മ ചെയര്‍മാനായി രണ്ടാം ദേശീയ തൊഴില്‍ കമ്മീഷന് രൂപം നല്‍കിയത്. പത്തംഗ കമ്മീഷനില്‍ രണ്ട് തൊഴിലാളി പ്രതിനിധികളാണുണ്ടായിരുന്നത് - ബി. എം. എസില്‍ നിന്നും സി. കെ സജിനാരായണന്‍, ഐ. എന്‍. ടി. യു. സി യില്‍ നിന്നും സഞ്ജീവ് റെഡ്ഡി. കമ്മ്യൂണിസ്റ്റ് യൂണിയനുകള്‍ പതിവു പോലെ കമ്മീഷന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കുകയും ഈ ചരിത്രപരമായ ദൗത്യത്തില്‍ സംഭാവന യാതൊന്നും നല്‍കാന്‍ കഴിയാതിരിക്കുകയും ചെയ്തു. 2001 ജൂണില്‍ ബി. എം. എസ് അതിന്‍റെ അഭിപ്രായങ്ങള്‍ കമ്മീഷനു നല്‍കി. കമ്മീഷന്‍റെ അന്തിമ റിപ്പോര്‍ട്ടില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായതും തൊഴിലാളി വിരുദ്ധമായതുമായ ശുപാര്‍ശകള്‍ ഉണ്ടായിരുന്നു. തൊഴിലാളിവിരുദ്ധ ശുപാര്‍ശകളിന്മേല്‍ സജിനാരായണന്‍ വിശദമായ വിയോജനക്കുറിപ്പ് നല്‍കി. ഈ ചരിത്രപരമായ വിയോജനക്കുറിപ്പ് കമമീഷന്‍ റിപ്പോര്‍ട്ടിന്‍റെ ഭാഗമായി. എന്നാല്‍ രാജ്യത്തെ തൊഴിലാളികളുടെ ദുര്യോഗമെന്ന് പറയട്ടെ ഐ. എന്‍. ടി. യു. സി പ്രതിനിധി തൊഴിലാളിവിരുദ്ധ ശുപാര്‍ശകളില്‍ പൂര്‍ണസമ്മതം നല്‍കി ഒപ്പുവയ്ക്കുകയുണ്ടായി. പ്രധാനമായും 8 കാര്യങ്ങളിലാണ് ബി. എം. എസ് വിയോജനക്കുറിപ്പ് നല്‍കിയത്.

  14. ബി. എം. എസ് കേരളത്തില്‍

    കേരളത്തിലെ ആദ്യ ബി. എം. എസ് യൂണിയന്‍ കോഴിക്കോട് ടൈല്‍ വര്‍ക്കേഴ്സ് സംഘ് ആണ്. കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്ത് നിലനിന്നിരുന്ന രാഷ്ട്രീയത്തിന്‍റെ അതിപ്രസരം കുറയ്ക്കുവാനും, രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമല്ലാതെ ട്രേഡ് യൂണിയനുകള്‍ക്ക് നിലനില്‍പില്ലെന്ന വിശ്വാസം തിരുത്തിക്കുറിക്കുവാനും ബി. എം. എസ്സിന്‍റെ വിജയപ്രദമായ പ്രവര്‍ത്തനം കൊണ്ടു സാധിച്ചു. തൊഴിലാളികള്‍ക്കിടയിലെ മദ്യപാനം തുടങ്ങിയ സാമൂഹ്യതിന്മകള്‍ നിരുത്സാഹപ്പെടുത്തുവാനും, വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും പരിവര്‍ത്തനം കൊണ്ടുവരുവാനും മറ്റു ട്രേഡ് യൂണിയനുകളെ ആക്ഷേപിച്ച് ബി. എം. എസ് ഊന്നല്‍ നല്‍കി.

  15. ഉപക്രമം

    ഇങ്ങനെ ഭാരതത്തിന്‍റെ ട്രേഡ് യൂണിയന്‍ ചരിത്രത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിച്ച ബി. എം. എസ് ലോക ട്രേഡ് യൂണിയന്‍ ചരിത്രത്തിലും മായാത്ത മുദ്ര പതിപ്പിച്ചുകൊണ്ട് അതിന്‍റെ ജൈത്രയാത്ര തുടരുകയാണ്. ഈ ചരിത്രപ്രയാണത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കേണ്ട ബാധ്യത മസ്ദൂര്‍ സംഘത്തിന്‍റെ ഓരോ കാര്യകര്‍ത്താവിനുമുണ്ട്. ആ ദൗത്യം നാം സാഭിമാനം നിര്‍വഹിച്ചേ തീരു.