ദേശീയതൊഴിലാളി ദിനം

icon ദേശീയതൊഴിലാളി ദിനം -

വിശ്വകര്‍മ്മ ജയന്തി

മഹാ പുരുഷന്മാരുടെ മഹനീയ പാരമ്പര്യം കൊണ്ട് സമ്പന്നമാണ് ഭാരതം "ഇദം രാഷ്ട്രായ, ഇദം നഃ മമ" എന്ന രാഷ്ട്ര സമര്‍പ്പണ ഭാവന തൊഴിലാളി സൃഷ്ടിക്കാനുള്ള മാതൃകയാണ് വിശ്വകര്‍മ്മാവിന്‍റെ ജീവിതം. വൈദ്ഗധ്യം നേടിയ ശാസ്ത്രങ്ങളും കലകളും രാഷ്ട്രത്തിന് ആവശ്യം വരുമ്പോള്‍ മാത്രം ഉപയോഗിക്കുകയും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാതിരിക്കുകയും ചെയ്ത തൊഴിലിന്‍റെ ആചാര്യനാണ് വിശ്വകര്‍മ്മാവ്.

വിശ്വകര്‍മ്മാവിനെക്കുറിച്ച് നിരവധി പുരാണങ്ങള്‍, മഹാഭാരതം ആദിപര്‍വ്വം, ഋഗ്വേദം, അഥര്‍വ വേദം, വാജസനേയ സംഹിത, ബ്രാഹ്മണങ്ങള്‍ തുടങ്ങിയവയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഋഗ്വേദത്തില്‍ (10: 121) അദ്ദേഹം പൃഥ്വി, ജലം, ജീവജാലങ്ങള്‍ മുതലായവ സൃഷ്ടിച്ചതായി പറയുന്നു. ഇതിനാല്‍ പുരാണങ്ങള്‍ വിശ്വകര്‍മ്മാവ് ദേവന്മാരുടെ മഹാശില്‍പിയായി വിശേഷിപ്പിക്കുന്നു. വിശ്വകര്‍മ്മാവ് ശ്രേഷ്ഠതരമായ ഗുണങ്ങളുടെ ആദര്‍ശപ്രതീകമാണ്. തപസ്യയും സമര്‍പ്പണവും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ പ്രമുഖ വശമാണ്. അതുകൊണ്ടാണദ്ദേഹം ദേവതുല്യനായിത്തീര്‍ന്നത്. വിശ്വകര്‍മ്മാവ് കേവലം ഒരു വ്യക്തിയല്ല, മറിച്ച് സമാജസേവന സന്നദ്ധരായ ഒരു പരമ്പരയിലെ എല്ലാ ആദരണീയരായവരെയും സൂചിപ്പിക്കുന്ന പേരാണെന്ന വിശ്വാസവും നിലവിലുണ്ട്.

  1. ബ്രഹാമാവിന്‍റെ ആവശ്യാനുസരണം അദ്ദേഹം നവനവങ്ങളായ ഉപകരണങ്ങള്‍ കണ്ടുപിടിച്ചു. സൗരോര്‍ജ്ജത്തിന്‍റെ ഉപയോഗം കണ്ടുപിടിച്ചത് വിശ്വകര്‍മ്മാവാണ്. വിഷ്ണുവിനു വേണ്ടി അദ്ദേഹം സുദര്‍ശനചക്രം, ശിവനുവേണ്ടി ത്രിശൂലം, സുബ്രഹ്മണ്യന്‍റെ വേല്‍, ഇന്ദ്രനു വേണ്ടി വിജയം എന്നു പേരുള്ള രഥം തുടങ്ങിയവ നിര്‍മ്മിച്ചു നല്‍കി. ڇവിശ്വകര്‍മ്മാ വാസ്തു ശാസ്ത്രംڈ എന്ന ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചതായി കണക്കാക്കപ്പെടുന്നു. വാസ്തുവിദ്യ ഒരു ശാസ്ത്രമായി അവതരിപ്പിക്കുന്ന ലോകത്തെ ആദ്യകൃതിയാണത്. മാത്രമല്ല വിശ്വകര്‍മ്മാവ് ഇന്ദ്രനുവേണ്ടി ഇന്ദ്രലോകം, സുതലം എന്ന പാതാളം, കൃഷ്ണനു വേണ്ടി ദ്വാരക, വൃന്ദാവനം, പാണ്ഡവര്‍ക്കു വേണ്ടി ഹസ്തിനപുരി, ഇന്ദ്രപ്രസ്ഥം എന്നിവ നിര്‍മ്മിച്ചു നല്‍കി. ഇവയെല്ലാം മനോഹരങ്ങളും സുരക്ഷിതവും എല്ലാ സൗകര്യങ്ങളുമടങ്ങിയവയുമായിരുന്നു. ദേവേന്ദ്രനുവേണ്ടി ത്രികുടപര്‍വ്വതത്തിനു മുകളില്‍ അദ്ദേഹം നിര്‍മ്മിച്ച സ്വര്‍ണമയമായ നഗരിയാണ് ലങ്ക. പിന്നീടത് രാവണന്‍റെ കൈവശമെത്തി. ഭൂമിയിലും, ജലത്തിലും ആകാശത്തും സഞ്ചരിക്കുന്ന പുഷ്പകവിമാനം നിര്‍മ്മിച്ചതും വിശ്വകര്‍മ്മാവാണ്. അദ്ദേഹം വ്യത്യസ്തങ്ങളായ 12,000 ത്തോളം സാധനങ്ങള്‍, ആയുധങ്ങള്‍, അസ്ത്രങ്ങള്‍, ശില്‍പങ്ങള്‍ തന്ത്രയന്ത്രങ്ങള്‍ തുടങ്ങിയവ നിര്‍മിച്ചിരുന്നു. പാണ്ഡവര്‍ക്കു വിചിത്രമായ മയസഭയുണ്ടാക്കിയ മയാസുരന്‍ വിശ്വകര്‍മ്മാവിന്‍റെ ശിഷ്യനായിരുന്നു. അദ്ദേഹം ലളിതകലകളിലും വിശാരദനായിരുന്നു. സംഗീതം, കല, നൃത്തം, ചിത്രകല, വാസ്തുശില്‍പകല തുടങ്ങിയ കലകള്‍ കണ്ടുപിടിച്ചതു വിശ്വകര്‍മ്മാവാണെന്നു കരുതപ്പെടുന്നു.

    image description
    image description

    പ്രാചീന കാലത്ത് ഭാരതം വളരെയധികം വൈഭവസമ്പൂര്‍ണമായ രാഷ്ട്രമായിരുന്നു. വ്യവസായങ്ങളെല്ലാം കുടുംബാധിഷ്ഠിതമായതിനാല്‍ തൊഴിലുടമയും തൊഴിലാളിയും ഒന്നുതന്നെയായിരുന്നു. സമാജത്തിന്‍റെ അവിഭാജ്യമായ അംഗങ്ങളായിരുന്നു അവ. ഇതിന്‍റെ തുടക്കം വിശ്വകര്‍മ്മാവില്‍ നിന്നാണ്. ലോകത്തെ എല്ലാവിധ തൊഴിലിന്‍റെയും വ്യവസായ വികസനത്തിന്‍റെയും തുടക്കം വിശ്വകര്‍മ്മാവാണ്. തൊഴിലാളി പരമ്പരയിലെ ആദ്യത്തെ തൊഴിലാളിയും, തൊഴിലിന്‍റെ ആചാര്യനുമെന്ന നിലയില്‍ വിശ്വകര്‍മ്മാവിനെ ജനങ്ങള്‍ ആദരിക്കുവാന്‍ തുടങ്ങി. ഭാരതത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള കൃഷിക്കാര്‍, സ്വര്‍ണ്ണപ്പണിക്കാര്‍, കൊല്ലന്മാര്‍, നിര്‍മ്മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ സ്വയം വിശ്വകര്‍മ്മാവിന്‍റെ വംശത്തില്‍പെട്ടവര്‍ എന്ന് അഭിമാനിക്കുന്നു.

    നമോ വിശ്വവിഹാരായ നമോ വിശ്വവിഹാരിണേ । നമോ വിശ്വവിധാതായ നമസ്തേ വിശ്വകര്‍മണേ വിശ്വകര്‍മാഷ്ടകം 1

    അഷ്ടവസുക്കളില്‍ എട്ടാമത്തെയാളായ പ്രഭാസന്‍റെയും, ദേവഗുരു ബൃഹസ്പതിയുടെ സഹോദരി വരസ്ത്രീയുടെയും മകനാണ് വിശ്വകര്‍മ്മാവ്. ഉയര്‍ന്ന യോഗസാധനയുള്ളവരായിരുന്നു വരസ്ത്രീ. വിശ്വകര്‍മ്മാവ് ചെറുപ്പത്തിലേ അതിബുദ്ധിമാനും, ത്യാഗസമ്പന്നനുമായിരുന്നു. പ്രഹ്ലാദപുത്രിയായ രചന എന്ന സ്ത്രീയെ അദ്ദേഹം വിവാഹം കഴിച്ചു. വിശ്വകര്‍മ്മാവ് പുത്രനുവേണ്ടി കഠിനതപസ്സനുഷ്ഠിച്ചു. അങ്ങനെ അങ്ങേയറ്റം ബലശാലിയും യോദ്ധാവുമായ വൃത്രന്‍ എന്ന പുത്രന്‍ ജനിച്ചു. എന്നാല്‍ വൃത്രന്‍ ദുഷ്ടനും, ദുരാഗ്രഹിയുമായി ലോകത്തെ ജനങ്ങളെ ഉപദ്രവിച്ചുവന്നു. മാത്രമല്ല ദേവന്മാരുടെ ശത്രുവായ ഹിരണ്യകശിപുവിന്‍റെ സേനാപതിയുമായി. ദേവന്മാര്‍ പലതരത്തിലും ശ്രമിച്ചിട്ടും വൃത്രനെ നശിപ്പിക്കുവാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബൃഹസ്പതി അതിനു പരിഹാരം കണ്ടെത്തി പറഞ്ഞു: ഘോര തപസ്വിയായ ദധീചി മഹര്‍ഷിയുടെ നട്ടെല്ല് കൊണ്ടുണ്ടാക്കുന്ന വജ്രായുധം കൊണ്ടു മാത്രമെ വൃത്രനെ വധിക്കാനാകൂ. എന്നാല്‍ ഈ ആയുധം വൃത്രന്‍റെ പിതാവായ വിശ്വകര്‍മ്മാവിനു മാത്രമെ നിര്‍മ്മിക്കാനാകൂ. ദേവന്മാരുടെ ഒരു സംഘം ദധീചിമഹര്‍ഷിയെയും വിശ്വകര്‍മ്മാവിനെയും സമീപിച്ചു. രാഷ്ട്രഹിതത്തിനു സ്വയം സമര്‍പ്പിച്ച വിശ്വകര്‍മ്മാവും, ദധീചിമഹര്‍ഷിയും പൂര്‍ണമനസ്സോടെ സമ്മതം നല്‍കി. ദധീചിമഹര്‍ഷി സമാധിയിലേക്കു പ്രവേശിക്കുകയും യോഗസാധനയിലൂടെ പ്രാണന്‍ വെടിയുകയും ചെയ്തു. അങ്ങനെ ദധീചി മഹര്‍ഷി ദാനം നല്‍കിയ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് വജ്രായുധം നിര്‍മ്മിച്ച് ഇന്ദ്രനു നല്‍കി. രണ്ട് ഋഷിവര്യന്മാരുടെ മഹാത്യാഗം കൊണ്ട് ശക്തിയാര്‍ജ്ജിച്ച ആയുധം കൊണ്ട് വൃത്രനെ വധിക്കാന്‍ ഇന്ദ്രനു കഴിഞ്ഞു. അങ്ങനെ വിശ്വകര്‍മ്മാവ് ത്യാഗത്തിലൂടെയും കര്‍മ്മനൈപുണ്യം കൊണ്ടും തൊഴിലിന്‍റെ ആചാര്യനായി, ആദരണീയനായി.

  2. വിശ്വകര്‍മ്മാവിനുണ്ടായ മറ്റൊരു പുത്രനായ നളന്‍ ശ്രീരാമ ഭക്തനാകുകയും വാനരസേനയില്‍ നിന്നുകൊണ്ട് സുഗ്രീവന്‍റെ മന്ത്രിയാകുകയും ചെയ്തു. സീതയെ വിമോചിപ്പിക്കാന്‍ ലങ്കയിലേക്ക് പോകാന്‍ സേതുസമുദ്രത്തില്‍ ചിറ പണിതത് നളന്‍ ആണ്. വിശ്വകര്‍മ്മാവിന് അഞ്ചു മുഖങ്ങളുണ്ടെന്നു സങ്കല്‍പിക്കപ്പെടുന്നു. ആ അഞ്ചു മുഖങ്ങളില്‍ നിന്നും ജനിച്ച അഞ്ച് ഋഷിമാര്‍ക്കും സൃഷ്ടിയുടെ അഞ്ച് സങ്കല്‍പരൂപങ്ങള്‍ നല്‍കപ്പെട്ടിരുന്നു. പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും മുഴുവന്‍ അധിപനും വിശ്വകര്‍മ്മാവാണ്. വിശ്വകര്‍മ്മാവിന്‍റെ മനസ്സില്‍ നിന്ന് സകല ലോകങ്ങളും സൃഷ്ടിക്കപ്പെട്ടുവെന്ന് വിഷ്ണു സഹസ്രനാമം പറയുന്നു. ആ വിശ്വകര്‍മ്മാവാണ് ആദി ബ്രഹ്മാവായി അഞ്ചുമുഖങ്ങളോടു കൂടിയിരിക്കുന്ന വിരാട് രൂപം എന്നും സങ്കല്‍പിക്കപ്പെടുന്നു.

  3. രാഷ്ട്രത്തിന്‍റെ സര്‍വ്വാംഗീണ പുരോഗതി ദേശഹിതം മാനിക്കുന്ന തൊഴിലാളികളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഈ രാഷ്ട്രത്തിന്‍റെ പരംവൈഭവത്തിലക്കുള്ള പ്രയാണത്തില്‍ വിശ്വകര്‍മ്മാവ് തൊഴിലാളികള്‍ക്ക് മാതൃകാ പുരുഷനാണ്. തൊഴിലില്‍ ആ സമര്‍പ്പണഭാവവും സാധനയും ഒത്തുചേരുമ്പോള്‍ ഉല്‍പാദനവും സമൃദ്ധിയും സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു. തൊഴില്‍ ഒരു യജ്ഞമാണ്. പരിശ്രമം കൊണ്ടു നേടുന്ന കൗശലത്തെയാണ് യോഗമെന്ന് ഗീതയില്‍ പറയുന്നത്. യോഗ: ڇകര്‍മ്മസു കൗശലംڈ ഈ തൊഴിലിന്‍റെ മഹത്വപൂര്‍ണ രൂപമായ യോഗത്തെ സംരക്ഷിക്കുന്നത് ഭഗവാനാണ്. ڇയോഗക്ഷേമം വഹാമ്യഹം.ڈ ഐഹിക പുരോഗതിയും (അഭ്യുദയം) ആദ്ധ്യാത്മിക പുരോഗതിയും (നിഃശ്രേയസ്സ്) ഒരു പോലെ സമാജത്തിനു വേണമെന്ന് നിഷ്കര്‍ഷിച്ച സംസ്ക്കാരമാണ് ഭാരതത്തിന്‍റേത്.

    ത്യാഗം, തപസ്യ, ബലിദാനം എന്നിവയില്‍ വിശ്വസിക്കുന്ന ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിക്കുന്നു. ലക്ഷകണക്കിന് തൊഴിലാളികള്‍ ദേശത്തിനും ദേശീയതയ്ക്കും വേണ്ടി അധ്വാനം ആരാധനയായി സ്വീകരിക്കുവാനും സ്വയം സമര്‍പ്പണം ചെയ്യുവാനും അന്ന് പ്രതിജ്ഞ ചെയ്യുന്നു. വൈദേശികമായ സംഘര്‍ഷത്തിന്‍റെയും പരാജയത്തിന്‍റെയും പ്രതീകമായ മെയ്ദിനത്തിന് തൊഴിലാളികളെ ഭാവാത്മകമായി ഉത്തേജിപ്പിക്കുവാന്‍ കഴിയില്ല. വിശ്വകര്‍മ്മ ജയന്തിദിനം വിഭിന്ന ദേശങ്ങളില്‍ ഭദ്രപദ ശുക്ല പഞ്ചമി ദിനത്തിലും മാഘ ശുക്ലത്രയോദശി ദിനത്തിലും ആഘോഷിക്കപ്പെടുന്നുണ്ട്. രാജ്യത്ത് ഇക്കാര്യത്തില്‍ ഏകതയുണ്ടാക്കുവാന്‍ എല്ലാ വര്‍ഷവും സെപ്തംബര്‍ 17 നാണ് ഭാരതീയ മസ്ദൂര്‍ സംഘം വിശ്വകര്‍മ്മ ജയന്തി ആചരിക്കുന്നത്.