സംഘടനാ സംവിധാനം

സംഘടനാ സംവിധാനം

ബി. എം. എസ് സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമരൂപം നല്‍കിയ, കേരളത്തിലെ ബി. എം. എസ് പ്രവര്‍ത്തനങ്ങള്‍ക്കായി പിന്തുടരേണ്ട സംഘടനാ സംവിധാനം എന്ന രേഖ താഴെ കൊടുക്കുന്നു.

മേഖലാസമിതികള്‍ രൂപീകരിക്കണമെന്നു തീരുമാനിച്ചു. അതിന്‍റെ രൂപവും ഘടനയും താഴെ വിവരിക്കുന്നു. നാലോ അഞ്ചോ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി (സാമാന്യേന സംഘതാലൂക്കിന്‍റെ വിസ്തൃതി) മേഖലകള്‍ രൂപീകരണം. എന്നാല്‍ പഞ്ചായത്തുകളെ വിഭജിച്ച് വിവിധ മോഖലകളുടെ ഭാഗമാക്കരുത്. മഹാനഗരങ്ങള്‍, നഗരങ്ങള്‍ എന്നിവയെ പ്രവര്‍ത്തനത്തിന്‍റെ ആവശ്യാനുസരണം മേഖലകളാക്കി തിരിക്കണം. ഡിവിഷന്‍/വാര്‍ഡ് ആയിരികകും ഇവിടത്തെ അടിസ്ഥാനഘടകം.
മേഖലകളെ സംയോജിപ്പിക്കുന്നതിന് ജില്ലാ ഭാരവാഹികളില്‍ നിന്ന് ഒരു ഇന്‍ചാര്‍ജിനെ നിശ്ചയിക്കണം. മേഖലയ്ക്ക് പ്രസിഡന്‍റ്, 4 വൈസ്പ്രസിഡന്‍റുമാര്‍, സെക്രട്ടറി, 4 ജോയിന്‍റ് സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിങ്ങനെ ഏറ്റവും കൂടിയത് 11 ഭാരവാഹികള്‍ വരെയാവാം. ഇതില്‍ 2 പേര്‍ വനിതകളായിരിക്കണം. വനിതകള്‍ക്കു പകരം ഭാരവാഹികളെ ഉള്‍പ്പെടുത്താന്‍ പാടില്ല. മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യൂണിയനുകളുടെ മേഖലാ പ്രസിഡന്‍റ്, സെക്രട്ടറി പ്രസ്തുത മേഖലയില്‍ താമസിക്കുന്ന ജില്ലാ യൂണിയന്‍ ഭാരവാഹികള്‍, പഞ്ചായത്ത് കണ്‍വീനര്‍/സെക്രട്ടറി എന്നിവര്‍ സമിതിയംഗങ്ങളായിരിക്കും. മേഖലയില്‍ താമസിക്കുന്ന ബി. എം. എസ് ജില്ലാ ഭാരവാഹികളും കമ്മിറ്റിയംഗങ്ങളും പ്രത്യേക ക്ഷണിതാക്കളായിരിക്കും. മേഖലാപ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ ജില്ലാ ഭാരവാഹികളും ജില്ലാ ഇന്‍ചാര്‍ജും കൂട്ടായി ആലോചിച്ച് നിശ്ചയിക്കണം. മറ്റു ഭാരവാഹികളെ അതാതു ജനറല്‍ ബോഡി/കൗണ്‍സില്‍ യോഗത്തില്‍ നിശ്ചയിക്കണം.
ഏറ്റവും കുറഞ്ഞത് 3 പഞ്ചായത്തിലും, ജില്ലാതലത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിയനുകളുടെയെങ്കിലും പ്രവര്‍ത്തനമുള്ള മേഖലകളില്‍ പൂര്‍ണസമിതി രൂപീകരിചച് പരവരത്തനം നടത്തണം. അല്ലാത്ത മേഖലകളില്‍ മേഖലാ കണ്‍വീനറെ നിശ്ചയിച്ച് പ്രവര്‍ത്തനം നടത്തണം.

ജില്ലാ തലത്തില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന 3 യൂണിയനുകളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കുകയും 3 ലും കൂടി ഏറ്റവും കുറഞ്ഞത് 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കുകയും ചെയ്യുന്ന പഞ്ചായത്തുകളില്‍ പഞ്ചായത്തു സമിതികള്‍ രൂപീകരിക്കണം പ്രസ്തുത സമിതികള്‍ക്ക് പ്രസിഡന്‍റ്, 3 വൈസ് പ്രസിഡന്‍റ്, സെക്രട്ടറി, 3 ജോയിന്‍റ് സെക്രട്ടറി, ഖജാന്‍ജി എന്നിങ്ങനെ ഏറ്റവും കൂടിയത് 9 ഭാരവാഹികളും യൂണിയന്‍റെ യൂണിറ്റ് സെക്രട്ടറി/കണ്‍വീനര്‍മാരും യൂണിയനുകളുടെ പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരും കമ്മിറ്റിയംഗങ്ങളായിരിക്കും. പ്രസ്തുത പഞ്ചായത്തില്‍ സംസ്ഥാനതല യൂണിയന്‍, ഫെഡറേഷന്‍ അഖിലേന്ത്യാ ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകരുണ്ടെങ്കില്‍ അവരെയും പഞ്ചായത്തു സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ മേഖലാ ഭാരവാഹികളും മേഖലാ ഇന്‍ചാര്‍ജും ചേര്‍ന്ന് കൂട്ടായി ആലോചിച്ച് നിശ്ചയിച്ചിരിക്കണം.

ജില്ലാ യൂണിയനുകളുടെ പ്രവര്‍ത്തനവും, കുറഞ്ഞത് 50 അംഗങ്ങളും ഇല്ലാത്ത പഞ്ചായത്തുകളില്‍ പഞ്ചായത്ത് കണ്‍വീനറെ നിശ്ചയിച്ച് പ്രവര്‍ത്തിക്കണം. പ്രസ്തുത പഞ്ചായത്തുകളില്‍ നിലവിലുള്ള യൂണിറ്റ് സെക്രട്ടറി/ കണ്‍വീനര്‍മാരെ ഉള്‍പ്പെടുത്തി കണ്‍വീനിംഗ് സമിതികളും രൂപീകരിക്കണം.

യൂണിയനുകളുടെ മേഖലാ പ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി എന്നിവരെ യൂണിയന്‍ ഭാരവാഹികള്‍, ബി. എം. എസ് ജില്ലാ സെക്രട്ടറി, യൂണിയന്‍ ഇന്‍ചാര്‍ജ്ജ്, ബി. എം. എസ് മേഖലാ സെക്രട്ടറി എന്നിവരെ കൂട്ടായി ആലോചിച്ച് നിശ്ചയിക്കേണ്ടതാണ്. പഞ്ചായത്ത് സമിതി രൂപീകരിക്കാന്‍ പ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി എന്നീ ഭാരവാഹികളെ യൂണിയന്‍ ജനറല്‍ സെക്രട്ടറി, ബി. എം. എസ് മേഖലാ സെക്രട്ടറി, യൂണിയന്‍ മേഖലാ സെക്രട്ടറി, ബി. എം. എസ് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് നിശ്ചയിക്കണം. മറ്റു ഭാരവാഹികളെ അതാത് ജനറല്‍ ബോഡിയില്‍ നിശ്ചയിക്കണം.

ബി. എം. എസ് ജില്ലാ കമ്മിറ്റികകും, ബി. എം. എസ് മേഖലാ കമ്മിറ്റിക്കും യൂണിയനുകള്‍ക്കും, പഞ്ചായത്ത് കമ്മിറ്റികള്‍ക്കും ബി. എം. എസ് അക്കൗണ്ട് സിസ്റ്റവും, ബാങ്ക് അക്കൗണ്ടും ഉണ്ടായിരിക്കണം. മേഖലകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവിധ കണക്കുകളും അതാതു ഖജാന്‍ജിമാര്‍ പൂര്‍ണമായും നോക്കണം. ബി. എം. എസ് പഞ്ചായത്ത് കമ്മിറ്റിയുടെ സാമ്പത്തിക ചെലവുകള്‍ ബി. എം. എസ് മേഖലാ കമമിറ്റിയും, യൂണിയന്‍റേത് യൂണിയന്‍ കമ്മിറ്റികളുമാണ് നിര്‍വഹിക്കേണ്ടത്. ബി. എം. എസ് മേഖലകളില്‍ നടത്തുന്ന ധനശേഖരണത്തിന്‍റെ കണക്കുകള്‍ ബി. എം. എസ് മേഖലാ ഖജാന്‍ജിയും, യൂണിയന്‍ മേഖലകളില്‍ നടത്തുന്ന ധനശേഖരണത്തിന്‍റെ കണക്കുകള്‍ യൂണിയന്‍റെ മേഖലാ ഖജാന്‍ജിയുമാണ് നോക്കേണ്ടത്. ബി. എം. എസ് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടു കൂടി മാത്രമെ മേഖലകളും, യൂണിയനുകളും പഞ്ചായത്തു സമിതികളും പൊതുപിരിവ് നടത്താന്‍ പാടുള്ളു. ബി. എം. എസ് ജില്ലാ സമിതികളുടെ തീരുമാനത്തിന് അനുസൃതമായി ബി. എം. എസ് മേഖല സമിതികള്‍ക്ക് സ്വന്തമായി ഫണ്ട് രൂപീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിനിയോഗിക്കുന്നതിനും അവകാശമുണ്ടായിരിക്കും

സാമൂഹ്യ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കി യൂണിയന ജനറല്‍ സെക്രട്ടറിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് യൂണിറ്റുകള്‍ക്ക് അംഗങ്ങളായ തൊഴിലാളികളുടെ വരുമാനത്തില്‍ നിന്നു ഫണ്ട് സംഭരിക്കാവുന്നതും പ്രസ്തുത ഫണ്ട് യഥാസമയങ്ങളില്‍ ബാങ്കില്‍ നിക്ഷേപിക്കേണ്ടതുമാണ്. യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി, ഖജാന്‍ജി/യൂണിയന്‍ കണ്‍വീനര്‍, ജോയിന്‍റ് കണ്‍വീനര്‍ യൂണിയന്‍ നിശ്ചയിക്കുന്ന യൂണിയന്‍ ഭാരവാഹി എന്നിവരുടെ പേരില്‍ സംയുക്തമായി തുടങ്ങുന്ന ജോയിന്‍റ് അക്കൗണ്ടില്‍ പ്രസ്തുത പണം നിക്ഷേപിക്കേണ്ടതാണ്. യൂണിറ്റിന്‍റെ തീരുമാനപ്രകാരം മാത്രമെ ഫണ്ട് പിന്‍വലിക്കാനും ചെലവഴിക്കാനും പാടുള്ളു.

എ. യൂണിയനുകളുടെ പ്രവേശന ഫീസ് ഉള്‍പ്പെടെയുള്ള വരിസംഖ്യാവരുമാനത്തിന്‍റെ 25% ബി. എം. എസ് ജില്ലാ കമ്മിറ്റിക്കു നല്‍കണം.

ബി . ഇതിനുപുറമെ ഓണറേറിയം, വാടക, ഫോണ്‍ ചാര്‍ജ്ജ്, കറന്‍റ് ചാര്‍ജ്ജ് എനനീ ഇനങ്ങളിലേക്കുള്ള വിഹിതം ബി. എം. എസ് ജില്ലാക്കമ്മിറ്റിയുടെ തീരുമാനപ്രകാരം യൂണിയന്‍ ബി. എം. എസ്സിനു നല്‍കണം.

സി. ഇതര വരുമാനത്തിന്‍റെ (ബോണസ് വിഹിതം ലവി) 25% യൂണിയന്‍ ബി. എം. എസ് ജില്ലാക്കമ്മിറ്റിക്കു നല്‍കേണ്ടതാണ്.

ഡി. യൂണിയനുകളുടെ എല്ലാ വരുമാനങ്ങളും അതാത് യൂണിയന്‍ രസീതു വഴിയാണ് സംഭരിക്കേണ്ടത്.

ഇ. സാമ്പത്തിക വിഹിതം മേഖല പഞ്ചായത്തു സമിതികള്‍ എല്ലാ വരുമാനങ്ങളും ജില്ലാ ഓഫീസില്‍ അടച്ചു രസീതു വാങ്ങേണ്ടതും തുടര്‍ന്ന് മേഖല പഞ്ചായത്തു വിഹിതം ചെക്കു മുഖാന്തിരം ജില്ലാ ഓഫീസില്‍ നിന്നും തിരികെ പറ്റേണ്ടതുമാണ്. മറിച്ച് വരുമാനത്തില്‍ നിന്നും ചെലവു നടത്തിയ കണക്കല്ല ജില്ലാ ഓഫീസില്‍ നല്‍കേണ്ടത്.

സമാഹരിക്കപ്പെടുന്ന തുകയുടെ വിതരണ വിഹിതം ശതമാനത്തില്‍
1. പഞ്ചായത്ത് കമ്മിറ്റി - 10%
2. മേഖലാ കമ്മിറ്റി - 25%
3. ജില്ലാ കമ്മിറ്റി - 25%
4. യൂണിയന്‍ കമ്മിറ്റി - 25%
5. സംസ്ഥാന കമ്മിറ്റി - 10%
6. അഖിലേന്ത്യാ കമ്മിറ്റി - 5%